Above Pot

സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ വിടവാങ്ങൽ കുറിപ്പ് വൈറലായി.

തൃശൂർ : തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും പദവി ഒഴിഞ്ഞ ആർ. ആദിത്യ വികാര നിർഭരമായി ഫേസ് ബുക്കിൽ ഇട്ട വിടവാങ്ങൽ കുറിപ്പ് വൈറലായി . ഇന്ന് രാവിലെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റേക്ക് ആണ് ഇനി ചുമതല . പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് നാലു വർഷത്തെ ഡെപ്യൂട്ടേഷനിൽ അദ്ദേഹം പോകുന്നത് . 2020ലാണ് ആർ ആദിത്യ തൃശൂരിൽ ചുമതലയേൽക്കുന്നത്. കോവിഡ് കാലത്തെ പൂരം നടത്തിപ്പും ക്രമസമാധാന പാലനവും ഒടുവിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമടക്കം നേതൃത്വം കൊടുത്തു.

First Paragraph  728-90

സംസ്ഥാനത്ത് ആദ്യമായി വനിതാ ബുള്ളറ്റ് പട്രോളിംഗ് സംഘം രൂപപ്പെട്ടത് തൃശൂരിലാണ്. ലഹരിക്കെതിരെ കൗമാരക്കാരെ ബോധവൽക്കരിക്കുന്ന പദ്ധതി ആദിത്യയുടെ ആശയമാണ്. നിരവധി കുട്ടികളെ ലഹരിയുടെ ലോകത്ത് നിന്നും കരകയറ്റി. യാതൊരു ക്രമസമാധാന പ്രശ്നമോ രാഷ്ട്രീയ സംഘർഷങ്ങളോ ഇല്ലാത്ത തൃശൂർ തനിക്ക് പ്രിയപ്പെട്ടതാണെന്നും ഒരിക്കലും മനസ്സിൽ നിന്നും മറക്കാനാവില്ലെന്നും ആർ ആദിത്യ പറഞ്ഞു. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും നിങ്ങളോടൊപ്പം. അത്രക്കിഷ്ടമാണ് എനിക്ക് തൃശൂരിനെ, തൃശൂരിലെ ജനങ്ങളെയെന്ന് ആദിത്യ ഔദ്യോഗിക പേജിൽ കുറിച്ചു.

Second Paragraph (saravana bhavan

തൃശൂരിന് വിട, സ്നേഹത്തോടെ …

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്.

സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്.

2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 27 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, അതിഥി തൊഴിലാളികൾക്കും, പാവപ്പെട്ടവർക്കും ഭക്ഷണവും മരുന്നുമെല്ലാം എത്തിക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും വളരെയേറെ പണിപ്പെടേണ്ടി വന്നു. എത്രയേറെ വ്യക്തികളും, സംഘടനകളുമാണ് പോലീസിനോട് തോളോടു തോൾ ചേർന്ന് ജനങ്ങൾക്ക് സഹായവുമായി എത്തിയത് ! അവരെയെല്ലാം ഞാൻ അഭിവാദ്യം ചെയ്യുന്നു.

2020 ലെ തൃശൂർ പൂരം – ചരിത്രത്തിലാദ്യമായി – ഒരു ചടങ്ങുപോലുമില്ലാതെ കടന്നുപോയി. 2021 ലെ തൃശൂർ പൂരമാകട്ടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ചടങ്ങുകളും എഴുന്നെള്ളിപ്പുകളും പതിവുപോലെ നടന്നു. പക്ഷേ, ഒരൊറ്റ കാണികളെപ്പോലും പ്രവേശിപ്പിക്കാതെ, കേവലം നടത്തിപ്പുകാരേയും, വാദ്യക്കാരേയും മാത്രം പ്രവേശിപ്പിച്ചുകൊണ്ട്, മാത്രമായിരുന്നു. എല്ലാവരേയും കോവിഡ് പരിശോധന നടത്തി, പാസ്സുകൾ വിതരണം ചെയ്ത്, കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പൂരത്തിന് സുരക്ഷയൊരുക്കേണ്ടി വന്നത് വലിയൊരു കടമ്പയായിരുന്നു. 2022 ലാകട്ടെ, തൃശൂർ പൂരം ഇതുവരെ കണ്ടതിൽ വെച്ച്, ഏറ്റവും വലിയ ജനസഞ്ചയമാണ് സാക്ഷ്യം വഹിച്ചത്. 3000 ഓളം പോലീസുദ്യോഗസ്ഥരാണ് ഡ്യൂട്ടിക്ക് വിന്യസിക്കപ്പെട്ടത്. മഴ കാരണം മൂന്ന് തവണ പ്രധാന വെടിക്കെട്ട് മാറ്റി വെക്കേണ്ടി വന്നു. യാതൊരു ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്നു മാത്രമല്ല, പോലീസിന് ഒരു കേസുപോലും രജിസ്റ്റർ ചെയ്യേണ്ടി വന്നില്ല. ജനങ്ങളുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

തൃശൂർ സിറ്റി പോലീസിന് സർവ്വവിധ പിന്തുണയും, ക്രിയാത്മക വിമർശനവും നൽകിയ എല്ലാ മാധ്യമങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. അതുപോലെത്തന്നെ, തൃശൂർ സിറ്റി പോലീസിന്റെ സാമൂഹ്യ മാധ്യമങ്ങൾ പിന്തുടർന്ന് വിദൂരത്തിരുന്ന് സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകരോടും നന്ദിയുണ്ട്.

പോലീസിന്റെ ഭാഗത്തുനിന്നു നോക്കിയാൽ സംസ്ഥാനത്ത് ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ്ങ് ടീം സജ്ജമാക്കിയത് തൃശൂർ സിറ്റി പോലീസാണ്. തൃശൂർ കോർപ്പറേഷന്റേയും, ജില്ലാ പോലീസിന്റേയും, കേബിൾ ടിവി ഓപ്പറേറ്റർമാരുടേയും, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ബാങ്കുകൾ തുടങ്ങിയവയുടെയെല്ലാം സഹകരണത്തോടെ ആരംഭിച്ച സിസിടിവി നിരീക്ഷണ സംവിധാനം പരക്കെ പ്രശംസിക്കപ്പെട്ടതാണ്. ഏറ്റവും ആധുനിക രീതിയിൽ പണിതീർത്ത ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ കേരള പോലീസിനു തന്നെ അഭിമാനമാണ്. ഇക്കാലയളവിൽ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങളും തൃശൂർ സിറ്റി പോലീസ് നേടുകയുണ്ടായി.

ഞാനിതെല്ലാം പറയുമ്പോഴും, എന്നോടൊപ്പം നിന്ന് അഹോരാത്രം ജോലിചെയ്യുന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ അനുമോദിക്കേണ്ടതുണ്ട്. എത്ര കഠിനമായ ജോലികളും മന്ദസ്മിതത്തോടെ പൂർത്തിയാക്കുന്ന തൃശൂരിലെ ഓരോ പോലീസുദ്യോഗസ്ഥരേയും, അവർക്ക് പൂർണ പിന്തുണ നൽകുന്ന കുടുംബാംഗങ്ങളേയും ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു.

തൃശൂരിനോട് വിടപറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഓർമ്മിക്കുക തൃശൂരിലെ ജനങ്ങളെയാണ്. തൃശൂർ പൂരവും, പുലിക്കളിയും, കുമ്മാട്ടിയും, കാവടിയും, ബോൺ നത്താലെ തുടങ്ങി ഉത്സവങ്ങളും ആൾക്കൂട്ടവുമില്ലാത്ത തൃശൂരിനെ സങ്കൽപ്പിക്കാൻ പോലുമാകില്ല. അതിനോടെല്ലാം ഇഴുകിച്ചേർന്ന് ഓരോ തൃശൂർ നിവാസിയും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെയെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. തൃശൂരിന്റെ ചരിത്രം പരിശോധിച്ചാൽ വലിയ ക്രമസമാധാന പ്രശ്നങ്ങളോ, രാഷ്ട്രീയ – മത-സാമുദായിക വിദ്വേഷങ്ങളോ ഉണ്ടായിട്ടേയില്ല. അത് എക്കാലവും അങ്ങിനെത്തന്നെ തുടരും.

ഔദ്യോഗിക ജോലിയുടെ ഭാഗമായി ഡൽഹിയാണ് എന്റെ അടുത്ത പ്രവൃത്തിമണ്ഡലം. അനിവാര്യമായ ഈ മാറ്റത്തെ അംഗീകരിച്ച്, ഈ ചവിട്ടുപടികളിലൂടെ ഞാനിറങ്ങുമ്പോൾ, മനസ്സിലൊരു വിങ്ങലുണ്ട്. നിങ്ങൾ തന്ന സ്നേഹവും, വിശ്വാസവും ഞാൻ അതേ ഊർജ്ജത്തോടെ എന്റെ അടുത്ത പിൻഗാമിക്ക് കൈമാറുന്നു. എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും നിങ്ങളോടൊപ്പം. അത്രക്കിഷ്ടമാണ് എനിക്ക് തൃശൂരിനെ, തൃശൂരിലെ ജനങ്ങളെ.

വിശ്വസ്തതയോടെ,
ആദിത്യ ആർ ഐപിഎസ്,
സിറ്റി പോലീസ് കമ്മീഷണർ, തൃശൂർ.