Madhavam header
Above Pot

പുത്തൂർ സുവോളജിക്കൽ പാർക്ക് ,രണ്ടാം ഘട്ടം ഡിസംബർ 31 നകം പൂർത്തിയാക്കും : മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂര്‍: പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍ പാര്‍ക്കിലേക്ക് വന്യജീവികളെ എത്തിയ്ക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2022 മാര്‍ച്ചിനുള്ളിലും പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍.

Astrologer

അത്യാധുനിക രീതിയിലാണ് സുവോളജിക്കല്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്ന ഒരുസ്വപ്ന പദ്ധതിയാണിത്. തൃശൂര്‍ നഗരമധ്യത്തിലെ മൃഗശാല വികസിപ്പിക്കണമെന്നും അതിന് അനുയോജ്യമായ സ്ഥലം കണ്ടൈത്തണമെന്നും കാലങ്ങളായുള്ള ആവശ്യമായിരുന്നു. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന പദ്ധതിയാണെങ്കിലും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിന്റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കിഫ്ബി പദ്ധതിയിലൂടെ ഇത് യാഥാര്‍ത്ഥ്യമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിയ്ക്കുകയായിരുന്നു. 330 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പു ചെലവ്. കിഫ്ബി 269 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിട്ടുള്ളതെന്നും ഇതേ വരെ കിഫ്ബിയില്‍ നിന്ന് 100 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 40 കോടി രൂപയും പദ്ധതിയ്ക്കായി ചെലവഴിക്കാനായെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചന്‍ – സ്റ്റോര്‍ റൂം സമുച്ചയം, പക്ഷികള്‍, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകള്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. കൂടാതെ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ പാര്‍ക്കിങ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോഡൈവേഴ്‌സിറ്റി സെന്റര്‍, സിംഹം, ചീങ്കണ്ണി, മാന്‍, കടുവ എന്നിവയുടെ കൂടുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കുക. ഇത് ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കും. മൃഗങ്ങളെ പാര്‍ക്കിലെത്തിച്ചാലും സന്ദര്‍ശനം കുറച്ചു കൂടി കഴിഞ്ഞേ അനുവദിക്കുകയുള്ളൂ. ആവാസവ്യവസ്ഥ മാറിയ മൃഗങ്ങള്‍ക്ക് പരിസ്ഥിതിയുമായി ഇണങ്ങുന്നതിന് വേണ്ടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫണ്ട് ഉപയോഗത്തില്‍ ഒന്നാം സ്ഥാനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ വികസന സാധ്യത പതിന്മടങ്ങാവുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കച്ചവട സാധ്യതകളെ വളരെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. തൃശൂരിന്റെ വിനോദ സഞ്ചാര സാധ്യതകളാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാക്ഷാത്കരിക്കുക. സുവോളജിക്കല്‍ പാര്‍ക്കിനോടനുബന്ധിച്ചുള്ള റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി കയ്യേറ്റങ്ങളുണ്ടെങ്കില്‍ ഒഴിപ്പിക്കുമെന്നും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായും കഴിഞ്ഞ ജൂലായ് 16ന് സയന്റിഫിക്ക് ഓഫീസര്‍ ലക്ഷ്മി നരസിംഹന്റെ നേതൃത്വത്തില്‍ കേന്ദ്ര മൃഗശാല സംഘം സ്ഥലം സന്ദര്‍ശിച്ചെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രവി, മറ്റ് ജനപ്രതിനിധികള്‍, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ കെ എസ് ദീപ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Vadasheri Footer