
ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഔറംഗാബാദിലെ ഒരു അഭിഭാഷകനെതിരെ ഫയല്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

വിയോജിപ്പിലോ നിരാശയിലോ അവസാനിച്ചു എന്നതുകൊണ്ട് മാത്രം പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധത്തില്‍ സംഭവിച്ച ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റാന്‍ കഴിയില്ലെന്നും വിവാഹ വാഗ്ദാനം നല്‍കിയുള്ള ബലാത്സംഗ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സമ്മതത്തോടെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിലേയ്ക്ക് നയിക്കില്ല. പ്രാരംഭ ഘട്ടത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം ദാമ്പത്യ ബന്ധമായി മാറുന്നില്ലെങ്കില്‍ അതിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും തുടക്കം മുതല്‍ തന്നെ സ്ത്രീയെ വഞ്ചിക്കുകയായിരുന്നെന്നും തെറ്റായ വാഗ്ദാനം വിശ്വസിച്ചാണ് സ്ത്രീ സമ്മതം നല്‍കിയതെന്നും തെളിയിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
”ബലാത്സംഗത്തിനും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനും ഇടയില്‍ വ്യക്തമായ വ്യത്യാസമുണ്ട്. പ്രതി യഥാര്‍ത്ഥത്തില്‍ ഇരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നോ അതോ ലൈംഗികതൃപ്തിക്ക് വേണ്ടി മാത്രം തെറ്റായ വാഗ്ദാനം നല്‍കിയിരുന്നോ എന്ന് കോടതി ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്,” ബെഞ്ച് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷകന്‍ ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഈ എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇരുവരും തമ്മിലുള്ള ബന്ധം സ്വമേധയാ ഉള്ളതും മൂന്ന് വര്‍ഷത്തിലേറെ നീണ്ടുനിന്നതാണെന്നും ആ കാലയളവില്‍ സ്ത്രീ ഒരിക്കലും സമ്മതമില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ചില്ലെന്നും കോടതി കണ്ടെത്തി.
ഛത്രപതി സംഭാജിനഗറില്‍ 2024ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവനാംശം ലഭിക്കുന്നതിനായുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി 2022ല്‍ അഭിഭാഷകനെ കണ്ടുമുട്ടുന്നത്. കാലക്രമേണ, ഇരുവരും അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അഭിഭാഷകന്‍ തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. പലതവണ ഗര്‍ഭം ധരിച്ചതായും അയാളുടെ സമ്മതത്തോടെ ഗര്‍ഭധാരണം അവസാനിപ്പിച്ചതായും സ്ത്രീ ആരോപിച്ചു. ഒടുവില്‍ അയാള്‍ തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഭിഭാഷകന്‍ വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും പിന്നീട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 528 പ്രകാരം കേസ് റദ്ദാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈക്കോടതി കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
