
ചാവക്കാട് പുന്നയിൽ ആനയിടഞ്ഞു, രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: പുന്ന ശ്രീ അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ എഴുന്നള്ളിപ്പുമായി വന്നിരുന്ന ആന ഇടഞ്ഞു.രണ്ടുപേർക്ക് പരിക്ക്.ചാവക്കാട് മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവരായ പോക്കാക്കില്ലത്ത് വീട്ടിൽ നിസാം(40),ആനയുടെ രണ്ടാം പാപ്പാൻ കാരമുക്ക് മാമ്പുള്ളി വീട്ടിൽ ബിജു(42) എന്നിവരെ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5.10 നാണ് മരുതൂർകുളങ്ങര മഹാദേവൻ എന്ന കൊമ്പൻ ഇടഞ്ഞത്.

നിസാമിനെ തുമ്പിക്കൈയിൽ കോരിയെടുത്ത് തൊട്ടടുത്ത അയിനിപുള്ളി ചുള്ളിപ്പറമ്പിൽ ജനാർദ്ദനന്റെ വീട്ടുപറമ്പിലേക്ക് കയറ്റിയ ആന നിസാമിനെ ഇവിടെ ഇട്ട് വലിച്ചിഴച്ചു.ഇതിനുശേഷം പാപ്പാനെ ആന കുടഞ്ഞിട്ടു.മറ്റു പാപ്പാന്മാർ ആനയെ മെരുക്കാൻ ശ്രമം നടത്തി.

പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിനും ഓട്ടോറിക്ഷക്കും കേടുപാടുകൾ പറ്റി.ആനപ്പുറത്ത് ഉണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു.മറ്റ് രണ്ട് ആനകളോടൊപ്പം പുന്ന സെന്ററിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ആന ഇടഞ്ഞത്.ആനയെ പിന്നീട് തളച്ചു.