
ശിവപത്മം പുരസ്‌കാരം പുനലൂർ സോമരാജന്

ഗുരുവായൂർ : ഗുരുവായൂർ നായർ സമാജം കുറൂരമ്മ ദിനത്തിൽ നൽകുന്ന “ശിവപത്മം പുരസ്ക്‌കാരം” പ്രശസ്‌ത ജീവകാരുണ്യ പ്രവർത്തകനും, ആയിരത്തിഅഞ്ഞൂറോളം അശരണരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിൻ്റെ ജീവനാഡിയുമായ പുനലൂർ സോമരാജന്.

ജസ്റ്റിസ്. ആർ. ഭാസ്ക്‌കരൻ, ഡോ. ഡി. എം. വാസുദേവൻ, സ്വാമി ഉദിത് ചൈതന്യ എന്നിവരുൾപ്പെട്ട പ്രത്യേക ജഡ്‌ജിംഗ് കമ്മിറ്റിയാണ് ഫലകം, പ്രശസ്‌തിപത്രം, മാതൃദക്ഷിണ, പൊന്നാട എന്നിവയടങ്ങിയ ശിവപത്മം പുരസ്‌കാരത്തിന് പുനലൂർ സോമരാജനെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികളായ എം. നിർമ്മലൻ മേനോൻ, വി. അച്ചുതകുറുപ്പ്, കെ. രവീന്ദ്രൻ നമ്പ്യാർ, വി. ശ്രീകൃഷ്‌ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കുറൂരമ്മ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർച്ച് 6-ന് മമ്മിയൂർ കൈലാസം ഓഡിറ്റോ റിയത്തിൽ രാവിലെ 11 മണിക്ക് പി. വേണുഗോപാൽ ഐ.എ.എസ്.(റിട്ട.)ൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ആദ്ധ്യാത്മിക സമ്മേളനം ജസ്‌റ്റിസ്. പി. സോമ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫ. വി. കെ. വിജയൻ ദീപപ്രോജ്ജ്വലനം നിർവ്വഹിക്കും. കേരള ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് പുരസ്ക്‌കാര ജേതാവിന് മാതൃ ദക്ഷിണയും പ്രശസ്‌തിപത്രവും സമർപ്പിക്കും.

മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി. കെ. പ്രകാശൻ, വാർഡ് കൗൺസിലർ രേണുക ശങ്കർ എന്നിവർ മുഖ്യാതിഥികളാവും. സമാജം ഭാരവാഹികളായ മിനി നായർ, രാധിക എസ്. നായർ, ശാന്ത ആർ. നായർ, ശ്രീദേവി കെ. നായർ, സിന്ധു ബി. നായർ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.