
പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം : ഹൈക്കോടതി.

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവ് വീണ്ടും പുതുക്കി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പമ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവൻ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് കോടതി വ്യക്തമാക്കി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റവാള്‍, ജ. പി വി ബാലകൃഷ്ണന്‍ എന്നിവടങ്ങുന്ന ബെഞ്ചിന്റെ വിധി.

24 മണിക്കൂറും പ്രവർത്തിക്കാത്ത പമ്പുകള്‍ പ്രവൃത്തി സമയങ്ങളിലെല്ലാം ശുചിമുറി സൗകര്യം നല്‍കണം എന്നും കോടതി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ ശുചിമുറികള്‍ സജ്ജമാക്കണം എന്ന നിലയിലുള്ള സിംഗിള്‍ ബെഞ്ച് വിധിയാണ് പുതുക്കിയത്. സംസ്ഥാനത്തെ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവ്, ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കണം. റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ പ്രവൃത്തി സമയങ്ങളില്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും, ജലലഭ്യത, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന സൂചന ബോര്‍ഡ് പമ്പുകളില്‍ പ്രദര്‍ശിപ്പിക്കണം.
ദേശീയ പാതയ്ക്ക് പുറത്തുള്ള പമ്പുകളില്‍ ഉപഭോക്താക്കള്‍, ദീർഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഇതേ സൗകര്യങ്ങള്‍ പൊതുജനങ്ങളുടെ ആവശ്യത്തിനായി നല്‍കുന്നതില്‍ അധികാരികളുടെ വിവേചനാധികാരം ഉപയോഗിക്കുന്നതിന് അനുവദിക്കണം എന്നും കോടതി വ്യക്തമാക്കുന്നു.

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം അനുവദിക്കണം എന്ന നിര്‍ദേശങ്ങള്‍ക്ക് എതിരെ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് സ്വകാര്യ പെട്രോളിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ ടോയ്ലറ്റുകള്‍ പൊതു ടോയ്ലറ്റുകളാക്കി മാറ്റരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പിന്നാലെ ഉത്തരവ് തിരുത്തിയ കോടതി ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയായിരുന്നു ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.