Header 1 = sarovaram
Above Pot

കൈപ്പമംഗലം പമ്പ് ഉടമയുടെ കൊലപാതകം , മൂന്നു പ്രതികൾക്കും ജീവപര്യന്തം

തൃശൂർ : കൈപ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് ഉടമ കോഴിപറമ്പില്‍ മനോഹരനെ (68) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം പിഴടക്കാനും ശിക്ഷ. ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), കൈപ്പമംഗലം കുന്നത്ത് വീട്ടിൽ അൻസാർ (21), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റീയോ (20) എന്നിവരെയാണ് ശിക്ഷിച്ചത്. ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ആണ് ശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട മനോഹരൻ
Astrologer

ഇക്കഴിഞ്ഞ 11ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ (7വർഷം കഠിനതടവ്), പിടിച്ചുപറി (5 വർഷം കഠിന തടവ്), തെളിവ് നശിപ്പിക്കൽ (1 വർഷം കഠിന തടവ്) എന്നിങ്ങനെ മറ്റു വകുപ്പ് കളും ചുമത്തിയിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2019 സെപ്റ്റംബർ 15ന് രാവിലെയാണ് ഗുരുവായൂർ മമ്മിയൂരിൽ മനോഹരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർധരാത്രിയിൽ പമ്പിൽ നിന്നും കാറിൽ മടങ്ങിയ മനോഹരനെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ മനോഹരൻറെ മൃതദേഹം കണ്ടെത്തിയത്. മനോഹരൻ സഞ്ചരിച്ചിരുന്ന കാർ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് പിടികൂടി.

പമ്പിൽ നിന്നും മടങ്ങുന്ന മനോഹരന്റെ കൈയിൽ ധാരാളം പണമുണ്ടാകുമെന്നും അത് തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒന്നാം പ്രതി അനസ് ആ‍യിരുന്നു സൂത്രധാരൻ. പെട്രോള്‍ പമ്പില്‍ നിന്ന് മനോഹരന്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒക്ടോബർ 12ന് ഇതിന്റെ ട്രയൽ പ്രതികൾ നടത്തി. അടുത്ത ദിവസം പദ്ധതി ആസൂത്രണം ചെയ്തെങ്കിലും നടന്നില്ല. പിന്നീട് 14ന് അർധരാത്രിയാണ് പദ്ധതി നടപ്പിലാക്കിയത്. പമ്പിൽ നിന്നും കാറിൽ ഇറങ്ങിയ മനോഹരൻ ഹൈവേയിൽ നിന്നും ഇടവഴിയിലേക്ക് കയറിയപ്പോൾ പ്രതികള്‍ കാറിന് പിറകില്‍ മനപ്പൂര്‍വ്വം ഇടിപ്പിച്ചു. അനസ് വീണത് പോലെ നിലത്ത് കിടന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ മനോഹരനെ മൂന്നുപേരും ചേര്‍ന്ന് വായ പൊത്തി പിടിക്കുകയും ഇരു കൈകളും പിറകിലേക്ക് കുട്ടിക്കെട്ടുകയും ചെയ്തു.

തുടര്‍ന്ന് കാറില്‍ കയറ്റി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൂവരും ചേര്‍ന്ന് പിടിച്ചുകെട്ടി കാറിന്റെ പിന്‍വശത്തേക്ക് തള്ളിയിട്ടു. പണം ആവശ്യപ്പെട്ട് മർദിച്ചു. പോക്കറ്റിൽ വെറും 200 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമണിക്കൂറോളം കാറില്‍ സഞ്ചരിച്ച് മർദിച്ചു. കളിത്തോക്ക് പൊട്ടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. എറണാകുളത്തേക്കുള്ള യാത്രക്കിടെ പറവൂരിലെത്തിയപ്പോഴാണ് മനോഹരൻ ശ്വാസംമുട്ടി മരിച്ചത്. പറവൂരും കളമശേരിയിലും ചാലക്കുടിയിലും ചാവക്കാടും കറങ്ങിയെങ്കിലും ഗുരുവായൂരിൽ മമ്മിയൂരിൽ പഴയ കെട്ടിടത്തിനടുത്ത് മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.

ശേഷം അങ്ങാടിപ്പുറത്ത് എത്തിയ മൂവര്‍ സംഘം കാര്‍ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മനോഹരനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വാഹനവും പ്രതികളെയും പിന്തുടർന്നു. പ്രതികളിലൊരാളുടെ ടവർലൊക്കേഷനാണ് പെരുമ്പിലാവിൽ ഒളിവിലായിരുന്ന മൂവ്വരേയും കുടുക്കിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.കെ.ഉണ്ണികൃഷ്ണൻ ഹാജരായി.

Vadasheri Footer