
പ്രവാസിയെ തട്ടി കൊണ്ട് പോയ കേസിൽ ചാവക്കാട് സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ അറസ്റ്റിൽ.

“മലപ്പുറം: പാണ്ടിക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ പ്രവാസി ബിസിനസുകാരൻ വി.പി. ഷമീറിനെ കൊല്ലത്തുനിന്ന് പൊലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ കൊലക്കേസ് പ്രതിയടക്കം ആറുപേർ പിടിയിലായി. ചാവക്കാട് മണത്തല സ്വദേശി ഹംഷീർ എന്ന ആച്ചിക്ക (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), ചാവക്കാട് പുത്തൻകടപ്പുറം സ്വദേശി ഷംസീർ (30), പൊന്നാനി വെളിയങ്കോട് സ്വദേശി അഫ്സൽ (30), കൊല്ലം കൊട്ടാരക്കര ചക്കുവറക്കൽ സ്വദേശി മുഹമ്മദ് നായിഫ് (29), കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഷഹീർ (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഹംഷീർ, വി.പി. ഷമീറിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ്. പിടിയിലായ ഷംസീർ കൊലക്കേസ് പ്രതിയാണ്”

“വ്യാഴാഴ്ച രാവിലെ 11ഓടെ കൊല്ലം അഞ്ചൽ കുരുവികോണത്തുനിന്നാണ് രണ്ടു വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന പ്രതികൾ പിടിയിലായതെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, കൊല്ലം റൂറൽ പൊലീസിന്റെ സംയുക്ത നീക്കത്തിനൊടുവിൽ വാഹനം തടഞ്ഞാണ് പിടികൂടിയത്. ബിസിനസുകാരനുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികളെന്നും എസ്.പി അറിയിച്ചു.”