കോവിഡ് വ്യാപനത്തിനിടയിൽ സി പി എം സമ്മേളനം , കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ തിരുവാതിര
തൃശൂർ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെയുള്ള സിപിഎം സമ്മേളന നടത്തിപ്പിനെതിരെ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവാതിരക്കളി നടത്തി പ്രതിഷേധിച്ചു. തൃശൂർ കളക്ടേറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. പത്തു പേർ ചേർന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയിട്ടും കളക്ടർ തടയാത്തതും പ്രതിഷേധാർഹമാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.
കാസർകോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയെയും ജനങ്ങളെയും സിപിഎം വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യമായി നിയമ ലംഘനം നടത്തുകയാണ്. പൊതുപരിപാടികൾക്ക് 75 പേരെന്ന സർക്കാർ നിയന്ത്രണം പരസ്യമായി സിപിഎം വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരിലെ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വ്യാഖ്യാനം നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിഡി സതീശൻ വിമർശിച്ചു. പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കുകയാണ് സിപിഎം ചെയ്യേണ്ടത്. അത് ഭരണഘടനാ ബാധ്യതയൊന്നുമല്ല. പരിപാടികൾ എല്ലാം പ്രതിപക്ഷം മാറ്റിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, സർക്കാരാണ് മാതൃകയാകേണ്ടതെന്നും ഗൗരവം കണക്കിലെടുത്ത് പെരുമാറണമെന്നും പറഞ്ഞു