ഇപ്പോഴുണ്ടായ പ്രതിപക്ഷ ഐക്യം തുടർന്നാൽ ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കാൻ കഴിയും : ശശി തരൂർ
ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗത്തിൻറെ പേരിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ച സംഭവം ചരിത്രത്തിൽ ഉണ്ടാകാത്തതാണെന്നും , ഇപ്പോഴുണ്ടായ പ്രതിപക്ഷ ഐക്യം തുടർന്നാൽ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന് ശശി തരൂർ എം.പി. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച മലബാർ നവോത്ഥാന ജാഥക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂർ. രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ അന്യായങ്ങൾ ബി.ജെ.പി ഇതുവരെ ചെയ്ത തെറ്റുകൾക്ക് തിരിച്ചടി നൽകാനുള്ള അവസരമാക്കി മാറ്റണം.
ചില ശബ്ദങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാനാണോ ഇത്തരം വിധിയെന്ന് ചോദിക്കാൻ അവകാശമുണ്ട്. 37 ശതമാനം വോട്ട് മാത്രം ലഭിച്ചാണ് ബി.ജെ.പി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം തുടർന്ന് ബി.ജെ.പിയെ 250നുള്ളിൽ ഒതുക്കാനായാൽ അവരുടെ ഭരണത്തിന് അന്ത്യം കുറിക്കും. . ദുരിതമനുഭവിക്കുന്ന പട്ടിക ജാതിക്കാർക്കും പിന്നാക്കകാർക്കും ന്യൂനപക്ഷങ്ങൾക്കുമൊപ്പം കോൺഗ്രസിന് നിൽക്കാനാവണമെന്നും തരൂർ പറഞ്ഞു.
വൈക്കം സത്യാഗ്രഹത്തിൽ അഹിന്ദുക്കളുടെ പങ്കാളിത്തം വേണ്ടെന്ന് അന്ന് ഗാന്ധിജിയെടുത്ത അഭിപ്രായത്തോട് തനിക്ക് വിയോജിപ്പുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മനുഷ്യർക്ക് നേരെ അന്യായം നടക്കുമ്പോൾ ജാതിനോക്കിയല്ല അതിൽ ഇടപെടേണ്ടതെന്നാണ് തന്റെ അഭിപ്രായം. വൈക്കം സത്യാഗ്രഹത്തിന് നൽകിയ അത്രയും പിന്തുണ ഗുരുവായൂർ സത്യാഗ്രഹത്തിന് ഗാന്ധിജി നൽകിയിരുന്നില്ലെന്നും ഗുരുവായൂർ ക്ഷേത്രത്തിൻറെ ഉടമയായ സാമൂതിരിയോട് ചോദിക്കാതെ സമരം ആരംഭിച്ചതും തന്നോട് ആലോചിക്കാതെ സത്യാഗ്രഹം ആരംഭിച്ചതും ശരിയായില്ലെന്ന് കേളപ്പനെ ഗാന്ധിജി അറിയിച്ചിരുന്നതായും തരൂർ പറഞ്ഞു.
ഗുരുവായൂർ സത്യാഗ്രഹം നടക്കുന്ന കാലത്ത് കേരളത്തിൽ ഇല്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അതിൻറെ പൈതൃകം ഏറ്റെടുക്കുന്നുവെന്നും തരൂർ വിമർശിച്ചു. ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ധിഖ്, ജാഥ അംഗങ്ങളും ജനറൽ സെക്രട്ടറിമാരുമായ പ്രഫ. കെ.എ. തുളസി, സോണി സെബാസ്റ്റ്യൻ, ആലിപ്പറ്റ ജമീല, ജാഥ മാനേജർ പി.എം. നിവാസ്, സനീഷ് കുമാർ ജോസഫ് എം.എൽ.എ, എം.പി. വിൻസെൻറ്, സി. ഗോപപ്രതാപൻ, കെ.പി. ഉമ്മർ എന്നിവർ സംസാരിച്ചു. യു ഡി എഫ് ജില്ലാ ചെയർ മാൻ എം പി വിൻസെന്റ് , ജോസഫ് ചാലിശ്ശേരി ,കെ പി സി സി ഭാരവാഹികളായ എ പ്രസാദ്, ഷാജി കോടങ്കണ്ടത്ത് , രാജേന്ദ്രൻ അരങ്ങത്ത് , സുനിൽ അന്തിക്കാട് തുടങ്ങിയവർ സംബന്ധിച്ചു .