
ചാവക്കാട് പൂട്ടി കിടന്ന വീട്ടിൽ കവർച്ച

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് പൂട്ടി കിടന്ന വീട്ടിൽ മോഷണം. 6 പവൻ സ്വർണ്ണവും പണവും കവർന്നു. കോട്ടപ്പുറം സലഫി മസ്ജിദിന് എതിർവശത്തുള്ള എള്ളുപറമ്പിൽ ചിന്നക്കൽ അബ്‌ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച വീട് പൂട്ടി എറണാകുളത്തേക്ക് പോയിരുന്ന കുടുംബം ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിൻ്റെ മുൻവശത്തെ വാതിലും മറ്റും തകർക്കപ്പെട്ടിട്ടില്ല. ഗൃഹനാഥൻ വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടതായി മനസ്സിലായത്. 50,000 രൂപയും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന പണവും കൂടാതെ ആറ് പവൻ സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു.
സംഭവത്തെ തുടർന്ന് ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.വിവരമറിയച്ചയുടൻ ചാവക്കാട് പോലീസ് സ്ഥലത്തെത്തി സയിന്റിഫിക്, വിരലടയാള വിദഗ്ദർ എത്തി പരിശോധന നടത്തി.
