പൂച്ച പെറ്റു കിടക്കുന്നതിന് ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവ്; വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ പൂച്ചകള്‍ക്ക് പ്രസവിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ഒന്നുമില്ലാത്ത, കാലിയായ സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശമ്പളം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ വീട്ടില്‍’ ധാരാളം പൂച്ചകള്‍ ഉണ്ട്. അത് പ്രസവിക്കാന്‍ സമയമാകുമ്പോള്‍ അവസാന രണ്ട് ദിവസം ഓടിയോടി നടക്കും; എന്നിട്ട് ആളൊഴിഞ്ഞ, ഒന്നുമില്ലാത്ത ഒരിടം നോക്കി പ്രസവിക്കാന്‍ തെരഞ്ഞെടുക്കും. പൂച്ചകള്‍ക്ക് പ്രസവിക്കാന്‍ പറ്റിയ സ്ഥലം സംസ്ഥാന ഖജനാവാണ്. ഒരു കോടി പേര്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കാനുള്ളത്. ദുര്‍ഭരണത്തിന്റെ ബാക്കിപത്രമാണ് കാലിയായ ഈ ഖജനാവെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ശമ്പളം മുടങ്ങിയെന്ന് കേട്ടതില്‍ യു.ഡി.എഫിന് മാത്രം ഒരത്ഭുതവും തോന്നിയിട്ടില്ല. ഈ സ്ഥിതിവിശേഷം വളരെ നേരഞ്ഞെതന്നെ യു.ഡി.എഫ് മുന്‍കൂട്ടിക്കണ്ടതാണ്. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന ഗതികെട്ട അവസ്ഥയിലേക്ക് കേരളം കൂപ്പ് കുത്തുമെന്ന് രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വരുമാനം വര്‍ധിപ്പിക്കണമെന്നും ചെലവ് ചുരുക്കണമെന്നും ധൂര്‍ത്തും അഴിമതിയും ഉപേക്ഷിക്കണമെന്നും പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയായിരുന്നു.
ശമ്പളം മുടങ്ങിയതിന് കാരണമായി പച്ചക്കള്ളമാണ് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞത്. ഇത് കബളിപ്പിക്കലാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും 4,200 കോടി കിട്ടിയിട്ടും സംസ്ഥാനത്ത് ശമ്പളം മുടങ്ങി. ഓവര്‍ ഡ്രാഫ്റ്റും റിസര്‍വ് ബാങ്ക് മുന്‍കൂറും ക്രമീകരിച്ചപ്പോള്‍ 4,000 കോടി തീര്‍ന്നു. 200 കോടി കൈയില്‍ വച്ച് 4,500 കോടി വിതരണം ചെയ്യാനുള്ള മാജിക്ക് സര്‍ക്കാരിന്റെ പക്കലില്ല. അതുകൊണ്ടാണ് അലാവുദീന്റെ അത്ഭുതവിളക്ക് പോലെ പിണറായി സര്‍ക്കാര്‍ പ്രയോഗിക്കുന്ന അവസാനത്തെ അടവാണ് സോഫ്‌റ്റ്വെയര്‍ ഉഡായിപ്പ്. ഇത് സാങ്കേതിക പ്രശ്‌നമല്ല; ഭൂലോക തട്ടിപ്പാണ്. പണം കൈയിലില്ലാത്ത നിങ്ങള്‍ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്? ശമ്പളത്തിന് പുറമെ ഏഴ് മാസത്തെ ഡി.എ കുടിശികയുണ്ട്. നാല് വര്‍ഷം കഴിയുമ്പോഴാണ് ലീവ് സറണ്ടര്‍ കിട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായിട്ടുള്ളത് നാല്‍പത്തിനായിരത്തില്‍ അധികം കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ക്ഷേമപെന്‍ഷന്‍ മുടക്കിയിട്ട് ഏഴ് മാസമായി. എല്ലാ ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു.
കൊല്ലം ഡി സി സി മുൻ പ്രസിഡൻ്റ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ എം അനിൽകുമാർ, സുധീർ എ, ഗോവിന്ദ് ജി ആർ,റീജ എൻ, പ്രസീന എൻ, നൗഷാദ് ബദറുദ്ദീൻ, പ്രമോദ് സി റ്റി, ജലജ, റെയ്സ്റ്റൺ പ്രകാശ് സി സി, ജി രാമചന്ദ്രൻനായർ, പാത്തുമ്മ വി എം, സജീവ് പരിശവിള, ആർ രാമചന്ദ്രൻ നായർ, രാജേഷ് എം ജി, സുനിത എസ് ജോർജ്, പ്രതിഭ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.