
പോക്സോ, വായോധികന് 30 വർഷ കഠിന തടവും പിഴയും

ചാവക്കാട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 75-കാരന് 30 വര്‍ഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 30 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.

ഗുരുവായൂർ തൊഴിയൂര്‍ തളുകശ്ശേരി മൊയ്തീ(75)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ഡിസംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരനെ മണ്ണാങ്കുളം പാടം കണ്ട് തിരിച്ചുപോകുമ്പോള്‍ പ്രതി താമസിക്കുന്ന വീടിനോട് ചേര്‍ന്ന് പണിതു കൊണ്ടിരിക്കുന്ന വീട്ടിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും തുടര്‍ന്ന് നൂറു രൂപ നല്‍കി പുറത്തുപറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.
ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.
