ബാലികയെ പീഡിപ്പിച്ച പ്രതിയ്ക്ക് 20 വർഷ തടവും ഒരു ലക്ഷം രൂപ പിഴയും
ഗുരുവായൂര്‍: ബാലികയെ ഐസ്‌ക്രീം നല്‍കി പ്രലോപിപ്പിച്ച് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക്, 20-വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍ വണ്ടാഴി ദേശത്ത് വന്നാംകോട് വീട്ടില്‍ സെയ്ത് മുഹമ്മദി (47) നേയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്
. 2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രതി, തളിക്കുളം പുലാമ്പുഴക്കടവത്താണ് താമസിച്ചിരുന്നത്. പീഢനത്തിന് ഇരയായ എട്ടു വയസ്സ് പ്രായമുള്ള കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോയെങ്കിലും, ഭയപ്പാടുമൂലം കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയോടൊപ്പം കളിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം വീട്ടുകാര്‍ അറിയുന്നത്. ഇരയുടെ വീട്ടുകാരും പരാതി കൊടുക്കാതെ സംഭവം മൂടിവെച്ചു.
പിന്നീട് കുട്ടിയോട് അയല്‍കാരായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കാര്യം അറിയുന്നത്. കുടുംബശ്രീയുടെ ഇടപെടല്‍ കേസിനു വഴിത്തിരിവായി. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ 2013-ല്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വാടാനപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഇടപെടലില്‍ കോടതിയുടെ പരാമര്‍ശവുമുണ്ടായി. കേസില്‍ 14-സാക്ഷികളെ വിസ്തരിക്കുകയും, 16-രേഖകളും, കൂടാതെ ശാസ്ത്രീയ തെളിവുകളും ഹാജറാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ: കെ.എസ്. ബിനോയ് ഹാജരായി