കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനതിരക്ക്.
ഗുരുവായൂര്‍: കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനതിരക്ക്. . രാവിലെ 3.15-മുതല്‍ ഓണ്‍ലൈനില്‍ ബുക്കുചെയ്ത ഭക്തര്‍ ഇടതടവില്ലാതെ ദര്‍ശനത്തിനെത്തി. ക്ഷേത്രത്തില്‍ രാവിലെ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ മേളപ്രമാണത്തില്‍ നടന്ന കാഴ്ച്ചശീവേലിയ്ക്കും, ക്ഷേത്രം വാദ്യകലാകാരന്മാരുടെ മേളകൊഴുപ്പില്‍ ഉച്ചതിരിഞ്ഞ് നടന്ന കാഴ്ച്ചശീവേലിയക്കും, രാത്രി നടന്ന ഇടയ്ക്കകൊട്ടി നാദസ്വരത്തോടേയുള്ള വിളക്കെഴുന്നെള്ളിപ്പിനും തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലത്തിലാണ് ഭഗവാനെഴുന്നെള്ളിയത്.
രാവിലെ മുതല്‍ ക്ഷേത്രത്തിനകത്തും, പുറത്തും കണ്ണനെ കാണാനുള്ള ഭക്തരുടെ നീണ്ടനിരയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ഷേത്രത്തിനകത്തേയ്ക്ക് ഭക്തരെ കടത്തിവിടുന്നതിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. ഭക്തജന ബാഹുല്ല്യംമൂലം ഉച്ചപൂജകഴിഞ്ഞ് നടയടയ്ക്കാന്‍, സമയം രണ്ടരമണിയായി. ഒരുമണിക്കൂറിനകം ക്ഷേത്രം ശു ചീകരിച്ച് ഉച്ചശീവേലിയാരംഭിച്ചു. അഷ്ടമിരോഹിണി ദിനത്തില്‍ 25000-ത്തോളം ഭഗവാന്റെ പ്രധാന പ്രസാദമായ അപ്പം രാത്രി അത്താഴപൂജയ്ക്ക് ശ്രീലകത്ത് നിവേദിച്ചു.
ഭക്തജനങ്ങളുടെ പ്രത്യേക താല്‍പ്പര്യത്തിന് അനുസൃതമായി അപ്പം വഴിപാട് ശീട്ടാക്കാന്‍ ദേവസ്വം നേരിയ വര്‍ദ്ധന വരുത്തിയതോടെ, തീരുമാനിച്ചതിലും കൂടുതല്‍ അപ്പം ഭഗവാന് നിവേദിച്ച് ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. പിറന്നാള്‍ ദിനത്തില്‍ ഭഗവാന്റെ പ്രധാന വഴിപാടുകളിലൊന്നായ പാല്‍പായസം ശീട്ടാക്കുന്നതിനും വന്‍ വര്‍ദ്ധനവുണ്ടായി. ആറ് ലക്ഷത്തോളം രൂപയുടെ പാല്‍പായസമാണ്ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടാക്കിയത്. .
വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5-ന് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം നേടിയ മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളലും, 6.30-ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അവതരിപ്പിച്ച കുചേലവൃത്തം കഥകളിയും, രാത്രി ക്ഷേത്രം ചുറ്റമ്പലത്തിലെ വടക്കിനിയില്‍ ഗുരുവായൂര്‍ ക്ഷേത്ര കലാനിലയത്തിന്റെ അവതാരം കൃഷ്ണനാട്ടം കളിയും അരങ്ങേറി . 5000-ഭക്തര്‍ക്ക് ഭഗവാന്റെ പിറന്നാള്‍ സദ്യ നല്‍കാനായിരുന്നു, ദേവസ്വം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കൂടിയതോടെ പിറന്നാള്‍ സദ്യ ഒഴിവാക്കേണ്ടി വന്നു.