
ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ജനുവരി അഞ്ചിന്.

ഗുരുവായൂർ : താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം ഇടത്തരികത്തുകാവിലമ്മയുടെ താലപ്പൊലി ജനുവരി അഞ്ചിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ക്ഷേത്രത്തിൽ വിശേഷാൽ പൂജ, നിറമാല, അലങ്കാരം, എന്നിവക്ക് പുറമേ ചോറ്റാനിക്കര വിജയൻ, ചെർപ്പുളശ്ശേരി ശിവൻ, പാഞ്ഞാൾ വേലുകുട്ടി, മച്ചാട് ഉണ്ണിനായർ, തിരുവില്ലാമല ഹരി എന്നിവരുടെ മേജർ സെറ്റ് പഞ്ചവാദ്യം, പെരുവനം സതീഷ്മാരാർ നേതൃത്വത്തിൽ മേളം എന്നിവ അരങ്ങേറും. എഴുന്നള്ളിപ്പിന് ഇന്ദ്രസെൻ കോലമേറ്റും. ശ്രീധരനും രവികൃഷ്ണനും പറ്റാനകളാകും.
ക്ഷേത്രത്തിനകത്തും പുറത്തും വിശേഷാൽ അലങ്കാരങ്ങൾ ഉണ്ടാകും. ഉച്ച തിരിഞ്ഞ് മൂന്നിന് താലപ്പൊലിയുടെ പ്രത്യേക ചടങ്ങുകളായ വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള 1500 ഓളം പറകൾ ഒരുക്കും. കോമരം സുരേന്ദ്രൻ നായർ പറ ചൊരിയും. ഭഗവതിക്ക് കളമെഴുത്ത് പാട്ട്, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാത്രി ഏഴിന് പിന്നണി ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദൻ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, വിവിധ കലാ-സാംസ്കാരിക പരിപാടികളും നടക്കും.

പ്രസിഡണ്ട് എൻ. പ്രഭാകരൻ നായർ, സെക്രട്ടറി ഇ. കൃഷ്ണാനന്ദ്, ഭാരവാഹികളായ ജി.ജി കൃഷ്ണൻ, മോഹൻദാസ് ചേലനാട്ട്, കെ.ടി രാധാകൃഷ്ണ്ണൻ നമ്പീശൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
