നാൽപതോളം ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുളളി പിടിയിൽ
ചാവക്കാട് : നാൽപതോളം ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുളളിയെ ചാവക്കാട് പോലീസ് പിടികൂടി. ഗുരുവായൂർ വാഴപ്പുള്ളി ഇ എം എസ് റോഡ് കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദ് (36) ആണ് പിടിയിലായത്. മോഷണം, പിടിച്ചു പറി , വധശ്രമം, മയക്കുമരുന്ന് ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ് പിടിയിലായ ഫവാദ്. ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ കെ.ജി സുരേഷിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്.
ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കാപ്പ പ്രകാരം നാടുകടത്താൻ ഉത്തരവായിട്ടുള്ള പ്രതി കോട്ടപ്പുറം മത്തിക്കായലിനു സമീപത്തുള്ള സങ്കേതത്തിൽ ഒളിവിലായിരുന്നു.
രഹസ്യവിവരം ലഭിച്ച തുടർന്ന് അതിസാഹസികമായി പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്
അന്വേഷണത്തിനു വരുന്ന പോലീസുദ്യോഗസ്ഥരെ കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ചും മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ട് കോടതി നടപടികളിൽ സഹകരിക്കാതെ മുങ്ങി നടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
പിടിയിലായ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്കൂട്ടർ കോട്ടപ്പടി ഭാഗത്തു നിന്നും മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.