പി എഫ് ഐ മാത്രമാണോ ഹർത്താൽ നടത്തി പൊതു മുതൽ നശിപ്പിച്ചത് : സത്താര്‍ പന്തല്ലൂര്‍.
മലപ്പുറം: മിന്നല്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലുള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിക്കുമ്ബോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാത്രമാണോ നാട്ടില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത് എന്ന ചോദ്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.
കോടതിയുടെയും സര്‍ക്കാരിന്റെയും ജാഗ്രത ശുഭസൂചനയെന്ന് പറഞ്ഞ അദ്ദേഹം, ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതല്‍ നശിപ്പിച്ചതിലൊന്നും ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നും ചോദിക്കുന്നു. വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ലെന്നും സത്താര്‍ പന്തല്ലൂര്‍ കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ ദ്രുത ഗതിയില്‍ ജപ്തി നടപടികള്‍ നടക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചാല്‍ അത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ കോടതിയും സര്‍ക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്.
എന്നാല്‍ ഈ പോപ്പുലര്‍ ഫ്രണ്ട് കാര്‍ മാത്രമാണോ നമ്മുടെ നാട്ടില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത് ? ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതല്‍ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണ് ?
പോപുലര്‍ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്കാരമാണ്. എന്നുവെച്ച് പൊതുമുതല്‍ നശിപ്പിച്ച കുറ്റം അവരുടെ ഹര്‍ത്താല്‍ മുതല്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാല്‍ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവര്‍ അവര്‍ ആരായാലും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും.
പോപുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ് ആയിരുന്ന കാലം മുതല്‍ കൃത്യമായ അകലവും എതിര്‍പ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ല.
–
അതേസമയം, ഹര്‍ത്താല്‍ ആക്രമണ കേസുകളിലുള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ കാസര്‍കോട്, കോഴിക്കോട്, വയനാട് , തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പൂര്‍ത്തിയായി. 23 പ്രവര്‍ത്തകരുടെ സ്വത്താണ് കോഴിക്കോട് മാത്രം കണ്ടുകെട്ടിയത്. മുഴുവന്‍ പേര്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.