പെരുമാറ്റച്ചട്ട ലംഘനം : മുഖ്യമന്ത്രിക്കെതിരെ തെര. കമ്മീഷന് പരാതി
തൃശൂർ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി വേണു, പിആർഡി ഡയറകടർ ടിവി സുഭാഷ് എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കെപിസിസി വർക്കിങ് പ്രസിഡന്റ് ടിഎൻ പ്രതാപൻ എംപിയാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം.
സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിൻറ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ചിലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.