Header 1 = sarovaram
Above Pot

പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി

ഗുരുവായൂര്‍: 108-ശിവാലയങ്ങളില്‍ പെട്ട പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈവര്‍ഷം ആഘോഷപൂര്‍വ്വം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 17 ന് ക്ഷേത്ര ചടങ്ങുകള്‍ക്ക്‌ശേഷം വൈകീട്ട് 5-ന് നാരദമഹര്‍ഷിയ്ക്ക് അടനിവേദ്യം എന്ന പ്രധാന ചടങ്ങ് നടക്കും.

തുടർന്ന് കാവില്‍ ഭഗവതിയ്ക്ക് ദേവസ്വം വക വിശേഷാല്‍ കാവ് പൂജയും ഉണ്ടായിരിയ്ക്കും. ശിവരാത്രി ദിവസം പുലര്‍ച്ചെ മുന്നുമണിയ്ക്ക് നിര്‍മ്മാല്ല്യ ദര്‍ശനത്തോടെ ശിവരാത്രി ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 5-ന് കേളി, 5.30-ന് 108 നാളികേരം കൊണ്ട് അഷ്ടദ്രവ്യ സമേതം, മഹാഗണപതി ഹവനം, തുടര്‍ന്ന് സര്‍വ്വ അപമൃത്യു ദോഷപരിഹാര്‍ത്ഥമായി മഹാമൃത്യുജ്ഞയ ഹവനം, ശേഷം സര്‍വ്വ നാഗദോഷ പരിഹാര്‍ത്ഥമായി വിശേഷാല്‍ നാഗപൂജയും ഉണ്ടായിരിയ്ക്കും. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ മേളപ്രമാണത്തില്‍ എഴുന്നെള്ളിപ്പും, നാലുമണിമുതല്‍ വിവിധ കമ്മറ്റികളുടെ എഴുന്നെള്ളിപ്പുകളും ആരംഭിയ്ക്കും.

Astrologer

മുപ്പെട്ട് ശനിയാഴ്ച്ചയും, ശനി പ്രദോഷവും ഒത്തുചേരുന്ന ദിനമാണ് ഈവര്‍ഷത്തെ മഹാശിവരാത്രി. അതുകൊണ്ടുതന്നെ പ്രദോഷ പൂജാസമയത്ത് ക്ഷേത്രത്തില്‍ 11-ദ്രവ്യങ്ങള്‍ പ്രത്യേകമായി അഭിഷേകം ചെയ്യും. തുടര്‍ന്ന് മഹാദേവന് 5-പൂജയും, നവകവും, പഞ്ചഗവ്യാഭിഷകവും ഉണ്ടായിരിയ്ക്കും. അത്താഴപൂജയ്ക്ക് ശേഷം, ശ്രീഭൂതബലി ആരംഭിയ്ക്കും. രാത്രി 10-ന് ക്ഷേത്രാങ്കണത്തില്‍ ഡബ്ബിള്‍ തായമ്പകയും അരങ്ങേറും. ശ്രീഭൂതബലിയ്ക്ക് ശേഷം തേവരുടെ തിടമ്പ് വലിയമ്പലത്തില്‍ വെയ്ക്കും. പിറ്റേന്ന് പുലര്‍ച്ചെ 3-മണിയ്ക്ക് അവിടെനിന്നും എഴുന്നെള്ളിച്ച് മേളത്തിന്റെ അകമ്പടിയോടെ 5-പ്രദക്ഷിണം പൂര്‍ത്തീകരിച്ച് തിടമ്പ് ക്ഷേത്രത്തിലേയ്ക്ക് കയറുന്നതോടെ ശിവരാത്രി ചടങ്ങുകള്‍ സമാപിയ്ക്കും.

ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. ശിവരാത്രി നാളില്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ട്രസ്റ്റി ബോര്‍ഡ് അംഗവും, ക്ഷേത്രം മേല്‍ശാന്തിയുമായ ഡി.എസ്. പത്മനാഭന്‍ എമ്പ്രാന്തിരി, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി എം.യു. പ്രഭകുമാര്‍, ഉത്സവാഘോഷ കമ്മറ്റി സെക്രട്ടറി പി.എ. ചന്ദ്രന്‍, ഉത്സവാഘോഷ കമ്മറ്റി വൈസ് പ്രസിഡണ്ട് നരിയംപുള്ളി പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു .

Vadasheri Footer