പെൺ കവികളെ ഒഴിവാക്കി നടത്തിയ കവിയരങ്ങ് വിവാദത്തിൽ
കോഴിക്കോട് ; മലയാളത്തിലെ കവയത്രികളെ മാറ്റി നിര്‍ത്തി നൂറ് പുരുഷ കവികളെ പങ്കെടുപ്പിച്ച് കവിയരങ്ങ് നടത്തിയത് വിവാദമാകുന്നു. നോളജ് സിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവിയരങ്ങ് സംഘടിപ്പിച്ചത്. സച്ചിദാനന്ദന്‍, കെപി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍,റഫീഖ് അഹമ്മദ് തുടങ്ങിയ പ്രമുഖ കവികള്‍ പങ്കെടുത്ത ചടങ്ങില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.
കവിത ഏതായാലെന്ത്? കുറെ പ്രശസ്തരെ സ്റ്റേജില്‍ നിരത്തുക എന്നതില്‍ കവിഞ്ഞ് പല സംഘാടകര്‍ക്കും വലിയ ലക്ഷ്യങ്ങളൊന്നുമില്ല. കവികളോര്‍ക്കും തങ്ങള്‍ മഹാ സംഭവമായത് കൊണ്ട് ക്ഷണിച്ചതാണ്. അതാണിതിലെ തമാശ. എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു യഥാസ്ഥിതിക മുസ്ലീം മതസംഘടനയുടെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക സംഘടന നടത്തുന്ന കവിയരങ്ങില്‍ പെണ്‍കവികള്‍ ഇല്ല എന്നത് ഒട്ടും അത്ഭുതകരമായ കാര്യമല്ല. എന്നാല്‍ ഇത്തരം ഒരു യഥാസ്ഥിതിക മതസമൂഹത്തിന്റെ ഭാവുകത്വ പരിസരത്തില്‍ പുരുഷ കവികള്‍ ഏത് കവിതയായിരിക്കും വായിക്കുക എന്നും ഫേസ്ബുക്കില്‍ പരിഹാസമുയരുന്നുണ്ട്.
അതേസമയം മര്‍ക്കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സഡ് സയന്‍സസ് ഏര്‍പ്പെടുത്തിയ രണ്ടാമത് അലിഫ്-മീം കവിത പുരസ്‌കാരം കവി സച്ചിദാനന്ദന് സമ്മാനിച്ചു.പ്രവാചകനും ഉറുമ്ബും”എന്ന കവിതയ്‌ക്കാണ് അവാര്‍ഡ്.
കഴിഞ്ഞ ദിവസം നോളജ് സിറ്റിയില്‍ നടന്ന ഉച്ചകോടിയില്‍ സ്ത്രീപ്രാതിനിധ്യമുണ്ടായതില്‍ സമസ്ത സുന്നി വിഭാഗം വിശദീകരണം തേടിയിരുന്നു. സ്ത്രീകള്‍ പുരുഷന്മാരുമൊത്ത് ഇടകലര്‍ന്ന് പൊതുവേദി പങ്കിടരുതെന്ന് നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളെ ഒഴിവാക്കിയുള്ള ചടങ്ങ്.