പേമാരിയിൽ കാറിൽ വെള്ളം കയറി തകരാർ , ക്ലെയിം മുഴുവൻ നൽകിയില്ല : 1,43,415 രൂപയും നഷ്ടവും നൽകണമെന്ന് ഉപഭോക്തൃ കോടതി

പേമാരിയിൽ കാറിൽ വെള്ളം കയറി നഷ്ടം സംഭവിച്ചതിന്, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ചേറൂർ സ്വദേശി പി.വി.ഭാസ്കരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്.

ഹർജിക്കാരൻ വാഹനം ഓടിച്ചു വരവെ പേമാരിയിൽ വെള്ളം കയറി കാർ പ്രവർത്തനരഹിതമാവുകയായിരുന്നു. വാഹനം റിപ്പയർ ചെയ്യുവാൻ 6,58,925 രൂപ ചിലവ് വന്നിരുന്നു. എന്നാൽ 5,15,510 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി അനുവദിച്ചത് . വെള്ളം കയറിയതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്യുവാൻ ശ്രമിച്ചതിനാൽ സംഭവിച്ച തകരാറിൻ്റെ നഷ്ടം പരിഹരിക്കുവാൻ ബാധ്യതയില്ലെന്ന് പറഞ്ഞാണ് 1,43,415 രൂപ നിഷേധി ച്ചത് .

എന്നാൽ ഇത് സംബന്ധമായ വസ്തുതകൾ തെളിയിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നിഷേധിക്കപ്പെട്ട 1,43,415 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ കൽപിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
.