പറപ്പൂക്കാവ് പൂരം എഴുന്നെള്ളിപ്പിനിടയിൽ ആന പാപ്പാനെ കുത്തി
ഗുരുവായൂർ : കേച്ചേരി പറപ്പൂക്കാവ് പൂരം എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞ് പാപ്പാനെ കുത്തി. പരിക്കേറ്റ പാപ്പാൻ ചേർത്തല സ്വദേശി സനീഷ്(44)നെ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചത്. പുലർച്ചെ പൂരം ക്ഷേത്രത്തിലെത്തിയപ്പോൾ താഴത്തെക്കാവ് ആൽമരത്തിന് സമീപത്ത് വച്ചായിരുന്നു ആനയിടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് തട്ടി തെറിപ്പിച്ച് കുത്തുകയായിരുന്നു. തുടർന്ന് ആൽമരത്തിന്റെ മതിലും സമീത്തുണ്ടായിരുന്ന ബൈക്കും തകർത്തു.
കുന്നംകുളം എലിഫന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ആനയെ തളച്ചെങ്കിലും ആനയുടെ മറ്റൊരു പാപ്പാൻ ചങ്ങല അഴിച്ച് വിടാൻ ശ്രമിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. സനീഷിന് കൈക്കും നെഞ്ചിനും പരിക്കുണ്ട്. പറപ്പൂക്കാവ് പൂരത്തിന് എത്തിച്ച മറ്റൊരു ആനയും ഇന്നലെ രാവിലെ പാപ്പാനെ ആക്രമിച്ചിരുന്നു. പാറന്നൂർ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും പൂരം എഴുന്നള്ളിപ്പിനിടെ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കൊമ്പ് കൊണ്ടുള്ള അടിയേറ്റ് പാപ്പാന് പരിക്കേറ്റു. പരിക്കേറ്റ പാപ്പാനെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പ്രശ്നമുണ്ടാക്കുo മുൻപ് ആനയെ തളച്ചു.