പാലിയേക്കര ടോൾ പ്ലാസ അടച്ചു പൂട്ടുന്നത് പരിഗണനയിൽ : നിതിൻ ഗഡ്കരി
ദില്ലി : തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയോ, പാലക്കാട് വടക്കൻഞ്ചേരിയടുത്തുള്ള പന്നിയേക്കര ടോൾ പ്ലാസയോ അടച്ചു പൂട്ടുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്ന് വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപി ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിനാണ് ഈ മറുപടി ഗഡ്കരി നൽകിയത്.
60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മതി എന്നുള്ളതാണ് കേന്ദ്ര നയമെന്നും, ആയതിനാൽ, മേൽപ്പറഞ്ഞ ടോൾ പ്ലാസകളിൽ ഏതെങ്കിലും ഒന്ന് അടച്ചുപൂട്ടുന്നത് പരിഗണിക്കും എന്നാണ് മന്ത്രി വ്യക്തമാക്കിയത്. 2012 ഫെബ്രുവരി 9 ന് ടോൾ പിരിക്കാൻ തുടങ്ങിയ പാലിയേക്കരയിൽ 2020 മെയ് വരെ 800.31 കോടി രൂപ പിരിച്ചു കഴിഞ്ഞു. 721.21 കോടിയാണ് ഇവിടെ ബന്ധപ്പെട്ട ദേശീയപാത നിർമ്മിക്കാൻ ചിലവായിട്ടുള്ളത്.
കരാർ പ്രകാരം പാലിയേക്കരയിൽ ടോൾ പിരിക്കാൻ 2028 വരെ സാധിക്കും.
പാലിയേക്കര ടോൾ ബൂത്തിന്റെ 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യ പാസ് നൽകുന്നതിലും, ടോൾ ബൂത്തിന് തൊട്ടടുത്തുള്ള റോഡ് ദേശീയപാതയിൽ ചേരുന്ന സ്ഥലത്ത് വലിയ ഇരുമ്പ് ബാരിക്കേഡ് വച്ച് ഇരുചക്ര വാഹനങ്ങൾ മാത്രം കടക്കാവുന്ന വിധം കെട്ടി അടച്ചതിലും, 15 വാഹനങ്ങൾക്ക് കൂടുതൽ ടോൾ പ്ലാസയിൽ കാത്തു നിൽക്കേണ്ടി വന്നാൽ തിരക്ക് കുറയ്ക്കാൻ ടോൾ ഗേറ്റ് തുറന്നു വിടണം എന്ന വ്യവസ്ഥ പാലിക്കാത്തതും, ഇത്തരം വിഷയങ്ങൾ ടോൾ പ്ലാസയിൽ ഉന്നയിക്കുന്നവരെ ടോൾ പ്ലാസ ജീവനക്കാർ ഗുണ്ടകളെപ്പോലെ സംഘം ചേർന്ന് മർദ്ദിക്കുന്നതും, കൃത്യമായി കരാർ വ്യവസ്ഥ പ്രകാരം ബന്ധപ്പെട്ട ദേശീയപാതയുടെ ഭാഗങ്ങൾ പരിപാലിക്കാത്തതും വലിയതോതിൽ ജനങ്ങളുടെ പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്.
ടോൾ പ്ലാസയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട പുതുക്കാട് പോലീസും ടോൾ പ്ലാസ അധികൃതരുടെ വരുതിയിലാണ് എന്നും ടോൾ പ്ലാസ ജീവനക്കാർ കാണിക്കുന്ന അതിക്രമങ്ങളിൽ പരാതി സ്വീകരിച്ച് വേണ്ടവിധം നടപടി എടുക്കാറില്ലെന്നും ആരോപണമുണ്ട്.
2022 മാർച്ചിലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്.അടുത്തിടെ മാത്രം പിരിവ് ആരംഭിച്ച പന്നിയങ്കര ടോൾ പ്ലാസ നിലനിർത്തി, നടത്തിപ്പ് കാര്യത്തിൽ വലിയ ജനകീയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുള്ള പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
മേത്തർ ഉന്നയിച്ച ചോദ്യം ന്യായമാണെന്നും, നിയമപ്രകാരം 60 കിലോമീറ്റർ ഉള്ളിൽ 2 ടോൾ പ്ലാസകൾ ഉണ്ടാകാൻ പാടില്ലെന്നും ഗഡ്കരി പറഞ്ഞു. എന്നാൽ അടക്കുകയാണെങ്കിൽ ടോൾ പ്ലാസ കമ്പനിക്ക് സർക്കാർ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. ഒരു ടോൾ പ്ലാസ അടയ്ക്കുന്ന സംബന്ധിച്ച് ഉടൻ പാർലമെൻറിൽ തന്നെ മറുപടി നൽകുമെന്നും ഗഡ്കരി പറഞ്ഞു.