പാലയൂർ തർപ്പണ തിരുനാൾ സമാപിച്ചു
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞ് നൊവേന തിരു കർമ്മങ്ങൾക്കും റവ ഫാദർ സെബി പുത്തൂർ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഫാദർ ലിജോ ബ്രഹ്മകുളം തിരുനാൾ സന്ദേശം നൽകി. ഉച്ച തിരിഞ്ഞ് തളിയകുള കരയിൽ നടന്ന സമൂഹമാമോദീസായ്ക്ക് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതയിലെ പലയിടങ്ങളിൽ നിന്നായി 17 നവജാത ശിശുക്കൾ മമ്മോദീസ സ്വീകരിച്ചു.റവ ഫാദർ ജോജോ ചക്കുംമൂട്ടിൽ TOR, റവ ഫാദർ സിജോഷ് വാതൂക്കാടൻ CMI എന്നിവർ സഹകാർമ്മികരായി .
ഉച്ചതിരിഞ്ഞ് 4:30ന് നടന്ന തിരുനാൾ സമാപന ദിവ്യബലിക്ക് റവ ഫാദർ ജെയിംസ് ചെറുവത്തൂർ SDB മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ ഫ്രാൻസിസ് മുട്ടത്ത്, ഫാദർ ദിജോ ഒലക്കേങ്കിൽ എന്നിവർ സഹകാർമ്മികരായി.ദിവ്യബലിക്ക് ശേഷം മാർ തോമശ്ലീഹ തർപ്പണാത്ഭുതം നടത്തിയക്കുളം ചുറ്റി ജൂതൻ കുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷണവും ഉണ്ടായിരുന്നു. തുടർന്ന് വർണ്ണമഴയും, മാൽബ്രോസ് ക്ലബും ജൂതൻ ബസാർ യൂത്തിന്റെയും നേതൃത്വത്തിൽ ശിങ്കാരി മേളം ഫ്യൂഷൻ ഷോയുമുണ്ടായിരുന്നു.
തർപ്പണ തിരുനാൾ പരിപാടികൾ വിജയകരമാക്കാൻ ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ , സഹ വികാരി റവ ഫാദർ ആന്റോ രായപ്പൻ, കൈക്കാരന്മാരായ ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ, പി ആർ ഒ ജെഫിൻ ജോണി, ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്,കുടുംബ കൂട്ടായ്മകൾ, ഭക്ത-സംഘടനകൾ എന്നിവരടങ്ങിയ തിരുനാൾ കമ്മിറ്റി നേതൃത്വം നൽകി