
പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 30 മുതല്‍,

ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ ഇരുപത്തിയെട്ടാം പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്തുമെന്ന് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ.ക്ലിന്റ് പാണെങ്ങാടന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് അതിരൂപതയുടെ പാലയൂര്‍ തീര്‍ഥാടനം

കണ്‍വെന്‍ഷനായി 5000 പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും പന്തലും സജ്ജീകരിച്ചിട്ടുണ്ട്. ഗാഗുല്‍ത്താ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബെന്നി പീറ്റര്‍ വീട്ടിയ്ക്കാനംകുടി ആണ് ധ്യാനം നയിക്കുന്നത്. ദിവസവും വൈകീട്ട് അഞ്ചിന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന എന്നീ ക്രമത്തിലാണ് പരിപാടികള്‍. ഞായറാഴ്ച വൈകീട്ട് 6.30-ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന ദിവസം ബൈബിള്‍ പ്രദക്ഷിണം ഉണ്ടാവും. മറ്റു ദിവസങ്ങളില്‍ കൗണ്‍സലിങ്, രോഗശാന്തി ശുശ്രൂഷ, അനുരഞ്ജനം, കുമ്പസാരം എന്നിവ ഉണ്ടാവും. പറപ്പൂര്‍, കണ്ടശ്ശാംകടവ്, മറ്റം ,പാലയൂര്‍ ഫൊറോനകളില്‍ നിന്ന് ധ്യാനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് തിരിച്ച് പോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സമാപന ദിനമായ ഏപ്രില്‍ മൂന്നിന് തൃശ്ശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമാപന സന്ദേശം നല്‍കും.
ഏപ്രില്‍ ആറിന് നടക്കുന്ന പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി . അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുലര്‍ച്ചെ മുതല്‍ പദയാത്രികരായി പാലയൂരില്‍ എത്തുന്ന വിശ്വാസികള്‍ക്ക് നേര്‍ച്ച ഭക്ഷണം ഒരുക്കും. മുപ്പതിനായിരം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും. തീര്‍ഥാടന ദിവസം തുടര്‍ച്ചയായി കുര്‍ബ്ബാനയുണ്ടാവും. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ പുലര്‍ച്ചെ അഞ്ചിന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പേപ്പല്‍ പതാക കൈമാറുന്നതോടെ മുഖ്യപദയാത്രയ്ക്ക് തുടക്കമാവും. അതിനോടൊപ്പം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉപപദയാത്രകളും പാലയൂരിലേക്ക് പുറപ്പെടും.

ഉച്ചതിരിഞ്ഞ് രണ്ടിന് പാവറട്ടി സെയിന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ശേഷം മൂന്നോടെ അതിരൂപതയിലെ യുവജനങ്ങളും ആയിരകണക്കിന് വിശ്വാസികളും സന്യസ്തരും പങ്കെടുക്കുന്ന മുഖ്യ പദയാത്ര പാലയൂരിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് പാലയൂര്‍ പള്ളി അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും. ഫ്രാന്‍സില്‍ നിന്നും എത്തുന്ന മോന്‍.പാസ്‌കല്‍ ഗോള്‍നിഷ് വിശിഷ്ടാതിഥിയാവും.
തീര്‍ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, തീര്‍ത്ഥാടനം ജനറല്‍ കണ്‍വീനര്‍ തോമസ് ചിറമ്മേല്‍, കണ്‍വീനര്‍മാരായ പി.ഐ. ലാസര്‍, ജോയ് ചിറമ്മല്‍, എ.എല്‍. കുരിയാക്കോസ്, കൈക്കാരന്‍ സേവ്യര്‍ വാകയില്‍, പി.ആര്‍.ഒ. ജെഫിന്‍ ജോണി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.