പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
പുണെ∙ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തിനടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കറിനെയാണു പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍ കൈമാറിയെന്നാണ് വിവരം. റിസർച്ച് ആൻ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുൽക്കർ.
ഔദ്യോഗിക രഹസ്യ നിയമം (ഒഫീഷ്യൽ സീക്രട്ട് ആക്ട് 1923) പ്രകാരം മുംബൈ എടിഎസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രദീപ് പാക് ഇന്റലിജൻസ് വിഭാഗത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ യുവതിയുടെ ഫോട്ടോ ഉപേയാഗിച്ച് ഇയാളെ വശത്താക്കുകയും വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയുകമായിരന്നു. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് വീഡിയോ കോൾ, വഴിയും വോയിസ് മെസ്സേജുകൾ വഴിയും ഇയാൾ പാക് ഇന്റലിജൻസ് ടീം അംഗങ്ങളുമായി നിരന്തരം സംഭാഷണം നടത്തിയത്.
ഇന്നലെയായിരുന്നു അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കി എടിഎസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഡിആർഡിഒയുടെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നിട്ടുള്ളത്. മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ പ്രദീപ് കുരുൽക്കർ ഭാഗമായിട്ടുണ്ട്