
സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: മുഖ്യമന്ത്രി
ഗുരുവായൂർ : സർക്കാരിൻ്റെ പദ്ധതികൾ ഏകോപ്പിച്ച് ജനങ്ങളിലേക്കെത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്നും, നവകേരള സൃഷ്ടി യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു . സംസ്ഥാന തദ്ദേശ ദിനാഘോഷത്തിൻ്റെ സമാപന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം . നവംബർ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമാകും. ഇതിൻ്റെ പൂർണത തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.

മാലിന്യമുക്തം നവകേരളം വിഷയത്തിൽ തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, അതിദാരിദ്ര്യ നിർമാർജനം സുസ്ഥിര നേട്ടം ഉറപ്പുവരുത്തൽ എന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവർ സംസാരിച്ചു. എം.എൽ.എമാരായ എൻ.കെ. അക്ബർ , മുരളി പെരുനെല്ലി, പി. മമ്മിക്കുട്ടി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കൊച്ചി മേയർ എം. അനിൽകുമാർ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ്,
ആലുവ ചെയർമാൻ എം.ഒ. ജോൺ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, വി.വി. സജീവൻ, ക്ലീൻ കേരള എം.ഡി. ജി.കെ. സുരേഷ് കുമാർ, ശുചിത്വ മിഷൻ കൺസൽട്ടൻ്റ് എൻ. ജഗജീവൻ, തദ്ദേശ വകുപ്പ് അഡീഷനൽ ഡയറക്ടർ പി.സി. ബാലഗോപാൽ എന്നിവർ സംസാരിച്ചു. മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, അയ്യങ്കാളി പുരസ്‌കാരം, ലൈഫ് മിഷന്‍ പുരസ്‌കാരം, മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം എന്നിവ സമ്മാനിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ട് പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത് , മുഖ്യ മന്ത്രി ഓൺലൈനിൽ പങ്കെടുത്തെങ്കിലും പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്നും വിട്ടു നിന്നു