Header 1 = sarovaram
Above Pot

പ്രകൃതിയുടെ പോരാളിയായി മാറിയ പിടി തോമസ് അഗ്നിയിൽ ലയിച്ചു.

കൊച്ചി: ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, പ്രകൃതിയുടെ പോരാളിയായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അഗ്നിയിൽ ലയിച്ചു. പിടിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തിൽ മക്കളായ വിവേകും വിഷ്ണുവും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തുകയായിരുന്നു. ഭാര്യ ഉമയും അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അചഞ്ചലമായ തന്റെ നിലപാടുകളിൽ ഊന്നിനിന്ന പ്രകൃതി സ്നേഹിക്കാണ് സംസ്ഥാനം വിടപറഞ്ഞത്. കൊച്ചി രവിപുരം ശ്മശാനത്തിൽ തിങ്ങിക്കൂടിയ പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും മധ്യത്തിൽ സംസ്ഥാന പൊലീസ് സേനയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് തൃക്കാക്കര എംഎൽഎ അഗ്നിയിലടങ്ങിയത്.

Astrologer

കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. ഇന്നലെ അര്‍ദ്ധരാത്രിക്കു ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴി നീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല പിടിക്ക് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ചു കൂടി. ഇതേത്തുടര്‍ന്ന് വിലാപ യാത്ര അഞ്ചു മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.

സമയക്കുറവ് മൂലം കുറച്ച് സമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെച്ചത്. പിന്നീട് ഡിസിസി ഓഫീസില്‍ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ള നിരവധി പ്രമുഖര്‍ എറണാകുളം ടൗണ്‍ ഹാളില്‍ പിടിക്ക് വിട നല്‍കാനെത്തി. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

മുഖ്യമന്ത്രി പി.ടി. തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. കോൺ​ഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്.

വ്യവസായി എം.എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി.ടി. തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.കൊച്ചി നഗരസഭയുടെ രവിപുരം പൊതുശമ്ശാനത്തില്‍ പിടിയുടെ ആഗ്രഹപ്രകാരമാണ് ശവ സംസ്കാര ചടങ്ങുകള്‍ നടന്നത്.

Vadasheri Footer