Header 1 = sarovaram
Above Pot

പി ശശിക്കും, എം ആർ അജിത് കുമാറിനും എതിരെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പി ശശി പരാജയമാണ്. ചുമതലകള്‍ കൃത്യമായും സത്യസന്ധമായും നിര്‍വഹിക്കാനായിട്ടില്ല. രാഷ്ട്രീയ സംഭവങ്ങള്‍ വിലയിരുത്തി എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും ശ്രദ്ധയില്‍പ്പെടുത്താനാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്. അദ്ദേഹം കാര്യങ്ങള്‍ കൃത്യമായി അനലൈസ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത്തരം കൊള്ള കേരളത്തില്‍ ഉണ്ടാകുമോയെന്ന് പി വി അന്‍വര്‍ ചോദിച്ചു.

.മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. ഭാരിച്ച ഉത്തരവാദിത്തമാണ്. നാലു ചായപ്പീടിക ഒരാള്‍ക്ക് കൈകാര്യം ചെയ്യാനാകുമോ?. ഈ വകുപ്പുകളില്‍ ഓരോ തലവന്‍മാരെ നിശ്ചയിട്ടുണ്ട്. അവരെയാണ് വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരുമായിട്ടാണ് മുഖ്യമന്ത്രി ആശയ വിനിമയം നടത്തുന്നത്. പള്ളിയുടേയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കില്‍ ആളുകള്‍ അതില്‍ വീഴില്ലേ. അതുപോലെ വിശ്വസ്തര്‍ കിണര്‍ കുത്തി വെച്ചിരിക്കുകയാണ്. ഇത്രയും കള്ളത്തരങ്ങള്‍ നടക്കുന്നുണ്ട്. പി ശശിക്ക് പരാജയം സംഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന് ഇതേപ്പറ്റി അറിവുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

Astrologer

മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് മണിക്കൂറുകള്‍ക്കകം വരുത്തിതീര്‍ക്കുന്നതല്ലേ, അരീക്കോട് നവകേരള സദസുമായി ബന്ധപ്പെട്ട സംഭവം. മരത്തിന്റെ കളവിന് കൂട്ടുനിന്ന, കള്ളന് കഞ്ഞിവെച്ചു കൊടുത്ത ആളാണ് മലപ്പുറം എസ് പി ശശിധരന്‍. ഇതിലും വലിയ ധിക്കാരമെന്താ?. ആര്‍ക്കാ ഇതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കല്ലേ?. ശശി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാത്തതാണ് പ്രശ്‌നം. ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും ശശിക്ക് കത്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ പാര്‍ട്ടിയിലേക്ക് വന്ന ശേഷം ഇതുവരെ പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാര വെക്കുന്നത് തടുക്കാനാണ് ശ്രമിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

കൊല്ലിച്ച് വലിയ പരിചയമുള്ള ഗുണ്ടാ സംഘങ്ങളോടാണ് ഏറ്റുമുട്ടുന്നതെന്ന് അറിയാം. തന്റെ ജീവന്‍ അപകടത്തിലാണെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയെയും കൊലച്ചതിക്ക് വിട്ടുകൊടുക്കണോ ഞാൻ? ഞാൻ എന്തായാലും വിട്ടുകൊടുക്കില്ല. ഒന്നെങ്കിൽ ഞാൻ ഇല്ലാതാകും. അങ്ങനെ ഈ പാർട്ടിക്ക് വേണ്ടി ഇല്ലാതാവാനാണെങ്കിൽ, താൻ ദൈവഹിതമാണെന്ന് കരുതുമെന്നും പി വി അൻവർ പറഞ്ഞു. ഫോണെല്ലാം പണ്ടേ ഹാക്കിങ്ങിലാണ്. ഈ ഓലപ്പാമ്പൊന്നും കാട്ടി പേടിപ്പിക്കേണ്ടെന്നും പിവി അൻവർ വ്യക്തമാക്കി.

എ ഡി ജി പി അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതില്‍ ആകര്‍ഷിക്കപ്പെട്ടവര്‍ക്കേ കഴിയൂ എന്നും പി വി അന്‍വര്‍  പറഞ്ഞു.

അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോൺ കോൾ ചോർത്തിയിരുന്നു. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവർ അവരുടെ സഹോദരനോടാണു സംസാരിക്കുന്നത്. പക്ഷേ, ഫോണിന്റെ അങ്ങേയറ്റത്ത് കേരളത്തിലെയും ബോംബെയിലേയും കള്ളക്കടത്തു സംഘത്തിലെ പണം ഇന്‍വെസ്റ്റ് ചെയ്യുന്ന വളരെ പ്രധാനികളാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അജിത് കുമാറിന്റെ ഭാര്യയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. സ്ത്രീ എന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുകയാണ്. ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത് കുമാറിന് അസിസ്റ്റന്റായി ഒരു ഐപിഎസുകാരനെ നിയമിച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ സൈബര്‍ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും, എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുടേയും ഫോണ്‍കോളുകളും അവിടെ ചോര്‍ത്തുന്നുണ്ട്. സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ നാട്ടിലെ ക്രൈം അന്വേഷിക്കാനല്ല. എംആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതെല്ലാം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ്. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടെ മാമി എന്നു പറയുന്ന കച്ചവടക്കാരനെ ഒരു വര്‍ഷമായി കാണാതായിട്ട്. ഇയാളെ കൊണ്ടുപോയി കൊന്നതാണെന്നാണ് വിശ്വസിക്കുന്നത്. ഈ കേസ് എങ്ങുമെത്തിയിട്ടില്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറെ വിഷയമാണ്. ഇവരുടെ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ട് പലരെയും പല സ്ഥലത്തും കുടുക്കിയിട്ടുണ്ട്. സുജിത് ദാസ് ഐപിഎസില്‍ വരുന്നതിന് മുമ്പ് കസ്റ്റംസിലായിരുന്നു. കസ്റ്റംസില്‍ സുജിത് ദാസ് നിലനിര്‍ത്തുന്ന ബന്ധങ്ങളാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്വര്‍ണം കടത്താന്‍ സഹായിക്കുന്നത്. തിരുവനന്തപുരത്തെ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

കസ്റ്റംസിനെ വെട്ടിച്ചു വന്ന ഒരുപാട് കേസ് സുജിത് ദാസ് പിടിച്ചിട്ടുണ്ട്. നടുറോഡിലിട്ട് പൊലീസ് പിടിക്കുന്നത് നമുക്കെല്ലാം അത്ഭുതമായിട്ടുണ്ട്. എന്നാല്‍ ദുബായില്‍ നിന്നും കാരിയര്‍മാര്‍ വഴി സ്വര്‍ണവുമായി വരുമ്പോള്‍ തന്നെ അവിടുത്തെ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം ലഭിക്കും. കസ്റ്റംസിലെ ചിലര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കടത്ത് അറിയുന്നുണ്ട്. എന്നാല്‍ അവര്‍ കണ്ടാലും കടത്തിവിടും. തുടര്‍ന്ന് പൊലീസിനെ വസ്ത്രത്തിന്റെ നിറം അടക്കം വിവരം നല്‍കും. പൊലീസിന്റെ ഡാന്‍സാഫ് പക്കാ ക്രിമിനല്‍സാണ്. ജോലി എംഡിഎംഎ പിടിക്കലാണെങ്കിലും, നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്ത് നടത്തി പണമുണ്ടാക്കലാണ്. പി വി അന്‍വര്‍ ആരോപിച്ചു

സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയാല്‍, വിമാനത്താവളം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാണ്, ഒരു ബിസ്‌കറ്റ് പോലും മാറ്റാന്‍ കഴിയില്ല. അതേസമയം നടുറോഡിലിട്ട് പിടിച്ചാല്‍ ആരും ചോദിക്കാനില്ല. 25 ബിസ്‌കറ്റ് പിടിച്ചാല്‍ 10 ബിസ്‌കറ്റ് മാറ്റും. ബാക്കിയാണ് കസ്റ്റംസിന് കൈമാറുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഇതിനായി സുജിത് ദാസിന്റെ പഴയ കസ്റ്റംസ് ബന്ധവുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പുണ്ട്. ഇതിലാണ് ഡാന്‍സാഫും, സുജിത് ദാസും ഇവരുടെ തലവനായ എംആര്‍ അജിത് കുമാറും. ഇതെല്ലാം അന്വേഷിക്കട്ടെയെന്ന് പി വി അന്‍വര്‍ പറഞ്ഞു. അജിത് കുമാര്‍ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസ് സെന്‍ട്രല്‍ ജയിലിലേക്കാണ് പോകുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെയെല്ലാം പഴി മുഖ്യമന്ത്രിക്കാണ് കേള്‍ക്കേണ്ടി വരുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

Vadasheri Footer