രാജ്യസഭ, പി സന്തോഷ് കുമാർ സി പി ഐ സ്ഥാനാർഥി
തിരുവനന്തപുരം : വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ സിപിഎമ്മിനും സിപിഐയ്‌ക്കും. ഇന്ന് വൈകിട്ട് നാലിന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് സീറ്റ് സിപിഐയ്‌ക്ക് നൽകാൻ നിശ്ചയിച്ചത്. സിപിഐയുടെ സ്ഥാനാർത്ഥിയായി പി.സന്തോഷ് കുമാറിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഐയ്‌ക്ക് സീറ്റ് നൽകണമെന്ന് നിർദ്ദേശിച്ചത്. നിലവിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമാണ് സന്തോഷ് കുമാർ. എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
എൽജെഡി നേതാവ് എം.വി ശ്രേയാംസ് കുമാർ, കെ.സോമപ്രസാദ് (സിപിഎം) എന്നിവരുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. ഇതിന് പകരം രാജ്യസഭാ സീറ്റിനായി ജനതാദൾ(എസ്), എൻസിപി എന്നീ പാർട്ടികൾ സിപിഐയ്‌ക്കൊപ്പം അവകാശവാദമുന്നയിച്ചു. എന്നാൽ സിപിഐയെ തിരഞ്ഞെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, ചിന്ത ജെറോം, വി.പി സാനു എന്നിവരുടെ പേരുകളും മുതിർന്ന നേതാക്കളിൽ നിന്ന് എ.വിജയരാഘവൻ, ടി.എം തോമസ് ഐസക്ക്, സി.എസ് സുജാത എന്നിവരെയും പരിഗണിക്കുന്നുണ്ട്.
ഇന്നലെയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയത്. 21ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. 31ന് വോട്ടിംഗും വൈകിട്ട് തിരഞ്ഞെടുപ്പും നടക്കും. മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് യുഡിഎഫിൽ നിന്ന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കേണ്ടത്. കോൺഗ്രസിൽ ഇതുവരെ രാജ്യസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല