ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂർ : ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കോടന്നൂർ എസ്.എൻ നഗറിൽ കൊടപ്പുള്ളി വീട്ടിൽ മണികണഠൻ എന്ന (ആനമണി 29), ചിറക്കൽ കുറുമ്പിലാവ് കൊല്ലയിൽ വീട്ടിൽ അബിൻ രാജ് (28) എന്നിവരാണ് വാടാനപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1.320 കി.ഗ്രാം കഞ്ചാവും വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങളും പിടിച്ചെടുത്തു.
റേഞ്ച് ഇൻസ്പെക്ടർ എസ്. എസ്. സച്ചിൻ്റെ നേതൃത്വത്തിൽ പട്രോളിങിനിടെയാണ് ഇരുവരും കുടുങ്ങിയത്. വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി കഞ്ചാവുമായി പോയിരുന്ന അബിൻരാജ് ആണ് ആദ്യം പിടിയിലായത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണികണ്ഠന്റെ കോടന്നൂരിലെ വീട്ടിലെ പരിശോധനയിലാണ് കൂടുതൽ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തിയത്. മണികണ്ഠൻ രണ്ട് കൊലകേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
മാപ്രാണത്തെ പ്രമാദമായ തിയ്യറ്റർ കൊലപാതകത്തിലും മൂന്നാറിൽ സഹപ്രവർത്തകനായ ആനപാപ്പാനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ.ഹരിദാസ്, ടി.ആർ.സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജെയ്സൺ പി.ദേവസി, ആർ , രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.