Madhavam header
Above Pot

ഗൾഫ് റേഡിയോ ചരിത്രം പറയുന്ന പുസ്തകം ‘ഓൺ എയർ’ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

തൃശൂർ : 30 വർഷത്തെ ഗൾഫ് മലയാളം റേഡിയോയുടെ ചരിത്രം പറയുന്ന കെ എസ് ശ്രുതിയുടെ ‘ഓൺ എയർ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുൻ എംഎൽഎ കെ വി അബ്ദുൾഖാദറിന് നൽകി പ്രകാശനം ചെയ്തു. തൃശൂർ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

യു എ ഇയിലെ റേഡിയോ അവതാരകർ അവരുടെ ഗൾഫ് റേഡിയോ അനുഭവങ്ങൾ പങ്ക് വെക്കുന്ന “ഓൺ എയർ” 2017ൽ കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ചിരുന്നു. 2022ൽ ഗൾഫിൽ മലയാളം റേഡിയോ ആരംഭിച്ചിട്ട് 30 വർഷം തികയുന്നതിന്റെ ഭാഗമായി കൂട്ടിചേർക്കളോടെ 28 അവതാരകരുടെ അനുഭവങ്ങളുമായാണ് ഇംഗ്ലീഷ് പുസ്തകം വായനക്കെത്തുന്നത്. ഡൽഹി ഓതേഴ്സ് പ്രസ് ആണ് പ്രസാധകർ. മാധ്യമ പ്രവർത്തകനും ഗൾഫ് റേഡിയോ പ്രവർത്തകൻ കൂടിയായിരുന്ന ആർ ശ്രീകണ്ഠൻ നായരാണ് ഓൺ എയറിന്റെ അവതാരിക എഴുതിയിട്ടുള്ളത്.

Astrologer

ജീവിക്കാൻ മരുഭൂമിയിലെത്തിയ മലയാളിക്ക് നാടുമായുള്ള ഏക ബന്ധം റേഡിയോ മാത്രമായിരുന്നു. മലയാള പത്രങ്ങൾ രണ്ട് ദിവസം കഴിഞ്ഞു മാത്രം ലഭിക്കുകയും ദൃശ്യ മാധ്യമം ജനകീയമല്ലാതിരിക്കുകയും ചെയ്തിരുന്ന നാളുകളിൽ മലയാളം റേഡിയോ ഓരോ പ്രവാസിയുടെയും നാട്ടോർമയായിരുന്നു. വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ഗൾഫ് റേഡിയോ അനുഭവങ്ങളിൽ മലയാളിയുടെ സഹാനുഭൂതിയുടെയും കണ്ണുനീരിന്റെയും സന്തോഷത്തിന്റെയും അടയാളപ്പെടുത്തലുകളുണ്ട്.

കെ ടി അബ്ദുറബ്ബ്, ഇ എം ഹാഷിം, കെ പി കെ വെങ്ങര, കെ കെ മൊയ്തീൻ കോയ, നിസാർ സൈദ്, രമേഷ് പയ്യന്നൂർ, ഗായത്രി ദേവി, സലിൻ മാങ്കുഴി, ചന്തു ജഗന്നാഥൻ, കിഷോർ സത്യ, ഷാലു ഫൈസൽ, കെ സൂരജ്, ഹിഷാം അബ്ദുൽ സലാം, ചന്ദ്രസേനൻ, രശ്മി രഞ്ജൻ, കുഴൂർ വിൽസൺ, നന്ദു കാവാലം, പ്രിയരാജ് ഗോവിന്ദ്രാജ്, ലിയോ രാധാകൃഷ്ണൻ, ക്രിസ് വേണുഗോപാൽ, മിഥുൻ രമേഷ്, മെലീന പ്രിയ, ഷാബു കിളിത്തട്ടിൽ, പ്രദീപ് പുറവങ്കര, രശ്മി രവീന്ദ്രൻ, വനിത വിനോദ്, തൻസി ഹാഷിർ, അശ്വതി ശ്രീകാന്ത് തുടങ്ങിയ 28 റേഡിയോ അവതാരകരുടെ അനുഭവങ്ങളാണ് പുസ്തകം പറയുന്നത്.

ഗൾഫിലെ മലയാളം റേഡിയോ ചരിത്രം രേഖപ്പെടുത്തുന്ന ആദ്യ പുസ്തകം കൂടിയാണ് ഓൺ എയർ. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഇൻഫർമേഷൻ അസിസ്റ്റന്റും കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസിലെ സിവിൽ ഡിഫെൻസ് വാർഡനും കൂടിയാണ് കെ എസ് ശ്രുതി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ ശില്പ ആനന്ദാണ് ശ്രുതിയുടെ പുസ്തകം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്.

Vadasheri Footer