header 4

ഒമിക്രോൺ വിമാനത്തിൽ കയറും ,പാലത്തിൽ കയറില്ല ……..

എടപ്പാൾ : ഒമിക്രോൺ ഭീതി പടർന്നുപിടിക്കുമ്പോൾ കർശന നിബന്ധനകളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആയി പുറത്തിറങ്ങുന്നത് . സർക്കാർ നടത്തുന്ന പരിപാടിയിൽ നിന്ന് ഒമിക്രോൺ മാറി നിൽക്കുമെന്നാണ് ഭരണാധികാരികൾ വിശ്വസിക്കുന്നതത്രെ . നാട്ടിലെത്തുന്ന പ്രവാസി ഏഴ് ദിവസം ക്വാറന്റൈനും ഏഴ് ദിവസം നിരീക്ഷണ കാലവുമടക്കം രണ്ടാഴ്‌ച്ച പുറത്തിറങ്ങാൻ പാടില്ലെന്നും പൊതു- സ്വകാര്യ പരിപാടികളിൽ 75 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നും കർശനനിർദ്ദേശങ്ങളാണ് സംസ്ഥാനസർക്കാർ നൽകിയിരിക്കുന്നത്.

Astrologer

എന്നാൽ മന്ത്രിമാർ അടക്കം പങ്കെടുത്ത ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിർദ്ദേശങ്ങൾ നൽകിയ സർക്കാർ തന്നെ ആയിരക്കണക്കിനുപേരെ അണിനിരത്തി എടപ്പാൾ ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത് സാമൂഹ്യമാധ്യമങ്ങളിലും വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

മുന് മന്ത്രി പി.കെ അബ്ദുറബ്ബ് അടക്കമുള്ളവർ ഫേസ്‌ബുക്കിൽ ചിത്രം പങ്കിട്ട് വിമർശിച്ചു. പൊതുപരിപാടികളിൽ അടച്ചിട്ട മുറികളിൽ 75 പേർ തുറസ്സായ സ്ഥലങ്ങളിൽ 150 പേർ എന്നിങ്ങനെ പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലും കുറിപ്പുകൾ കാണാം. രണ്ട് വാക്സിനുകളും എയർപോർട്ടിൽ നിന്നും ആർടിപിസിആർ ടെസ്റ്റും നടത്തി നാട്ടിലെത്തുന്ന പ്രവാസികൾ പോലും കുറഞ്ഞത് ഏഴ് ദിവസമാണ് വീട്ടിലിരിക്കേണ്ടത്.

ഈ സാഹചര്യത്തിലാണ് ഉദ്ഘാടന ചിത്രം വൈറലാകുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എംപി., എംഎ‍ൽഎ.മാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ആർ.ബി.ഡി.സി.കെ. എം.ഡി. എസ്. സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് തുടങ്ങിയവരൊക്കെ പങ്കെടുത്ത ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് സംഘടിപ്പിക്കപ്പെട്ടത്.

പലകാരണങ്ങൾ കൊണ്ട് മുടങ്ങിയിരുന്ന പാലം പണി 14 കോടി ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തൃശ്ശൂർ റോഡിൽ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തിൽ പങ്കാളികളായി. 2015-ൽ എംഎ‍ൽഎ.യായിരുന്ന കെ.ടി. ജലീലാണ് എടപ്പാളിൽ ഗതാഗതക്കുരുക്കിനു പരിഹാരമായി മേൽപ്പാലമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അതിന് അനുമതിനൽകി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സ്പീഡ് 20 പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും സാമ്പത്തികപ്രതിസന്ധി തിരിച്ചടിയായി. തിരഞ്ഞെടുപ്പും വന്നതോടെ 23 കോടി രൂപയുടെ പാലം പദ്ധതി ഉപേക്ഷിച്ചു. അടുത്ത ഇടതുസർക്കാരിൽ ഡോ. തോമസ് ഐസക്, ജി. സുധാകരൻ, കെ.ടി. ജലീൽ എന്നിവരുടെ ശ്രമഫലമായി പദ്ധതി ഉൾപ്പെടുത്തി. പാലത്തിന്റെ നീളവും വീതിയും കുറച്ച് ടെൻഡർചെയ്തു. തറക്കല്ലിട്ട് പണിതുടങ്ങി. തുടക്കം മുതൽ തടസ്സങ്ങളുടെ വേലിയേറ്റം. കുറ്റിപ്പുറം റോഡിൽ പൈലിങ് തുടങ്ങിയതോടെ കൂറ്റൻ പാറക്കല്ലുകൾ പ്രത്യക്ഷപ്പെട്ടതായിരുന്നു ആദ്യം. അവ മാന്തിയെടുത്ത് പണി തുടങ്ങി. പിന്നീട് വൈദ്യുതത്തൂണുകളും ലൈനുകളും മാറ്റുന്നതിലുള്ള കാലതാമസം വിനയായി. അതു മാറ്റാൻ ശ്രമം തുടങ്ങിയപ്പോൾ അതിനേക്കാൾ വലിയ പ്രതിസന്ധിയായി കോവിഡ്കാലം.

തൊഴിലാളികൾ നാട്ടിൽ പോയി. എല്ലാം മറികടന്ന് പാലം പണി കഴിഞ്ഞു. കുറ്റിപ്പുറം റോഡിലൂടെ വലിയ വാഹനങ്ങൾക്കു വരാൻ തടസ്സമായിരുന്ന കെട്ടിടം പൊളിക്കാത്തതുമൂലമുണ്ടായ പ്രതിസന്ധി വേറെ. അതും തീർത്ത് ടാറിങ്ങിനൊരുങ്ങിയപ്പോൾ തോരാത്ത മഴ. നവംബർ 26-ന് നിശ്ചയിച്ച ഉദ്ഘാടനംതന്നെ മാറ്റിവെക്കേണ്ടിവന്നു. പ്രതിസന്ധികൾക്കൊടുവിൽ നടത്തിയ ഉത്ഘാടനമാകട്ടെ കോവിഡ് പ്രോട്ടോക്കോളുകൾ മന്ത്രിമാർ തന്നെ ലംഘിച്ചതിന്റെ പേരിൽ വിവാദത്തിലുമായി.