നൈൽ ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ
തൃശൂർ: ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ.. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെയാണ് നഴ്സുമാർക്ക് നേരെ അതിക്രമമുണ്ടായത്. തൃശൂർ കൈപ്പറമ്പിലെ നൈൽ ഹോസ്പിറ്റൽ എംഡി ഡോ. അലോകാണ് നഴ്സുമാരെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗർഭിണി ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു
കഴിഞ്ഞ കുറച്ച് കാലമായി ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരം നടത്തിയിരുന്നു. വിഷയത്തിൽ പല തവണ ലേബർ ഓഫീസിൽ ചർച്ചയ്‌ക്ക് വിളിച്ചിട്ടും അലോക് ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് ലേബർ ഓഫീസിലെത്തിയ ഡോക്ടർ അലോക് ചർച്ചയ്‌ക്കിടെ കാര്യങ്ങൾ അംഗീകരിക്കാതെ അക്രമാസക്തനാകുകയായിരുന്നു. കസേരയ്‌ക്ക് മുകളിലൂടെ ചാടിയെത്തിയ അലോക് എട്ടുമാസം ഗർഭിണിയായ നഴ്സിനെ ചവിട്ടി. ലേബർ ഓഫീസർ ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെ നടത്തിയ അതിക്രമത്തിൽ പാരാമെഡിക്കൽ സ്റ്റാഫും നഴ്സുമാരും ഉൾപ്പെടെ ആറിലധികം പേർക്കാണ് പരിക്കേറ്റത്
യൂണിയനിൽ ചേർന്നതും പ്രതികാര നടപടിയ്‌ക്ക് കാരണമായെന്നാണ് നഴ്സുമാരുടെ ആരോപണം. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിച്ച നഴ്സുമാരെ പുറത്താക്കിയും ആശുപത്രി മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആരോഗ്യമന്ത്രി ഇടപെട്ട് രജിസ്ട്രേഷൻ റദ്ദാക്കണമെന്നും യുഎൻഎ ദേശീയ സെക്രട്ടറി എം.വി സുദീപ് പറഞ്ഞു. സർക്കാർ നടപടി സ്വീകരിക്കാതിരുന്നാൽ ജില്ലയിലെ നഴ്സുമാർ പണിമുടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.