Above Pot

നിയന്ത്രിത സ്ഫോടനം, നോയിഡയിലെ ഇരട്ടക്കെട്ടിടം തകർത്തു.

ന്യൂഡൽഹി: നോയിഡയിൽ 40 നിലകളിലായി 103 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. . ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്.ഇരട്ടക്കെട്ടിടങ്ങൾക്ക് തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു സ്ഫോടനം. മരടിലെ നാല് ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. പൊളിക്കൽ വിജയകരമെന്ന് കമ്പനി അറിയിച്ചു.

Astrologer

നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്ളാറ്റുകൾ അടങ്ങിയ അപെക്സ് (32നില), സെയാൻ (29നില) ഇരട്ട ടവറുകളാണ് പൊളിച്ചത്. ഇവയ്ക്ക് കുത്തബ് മിനാറിനേക്കാൾ ഉയരമുണ്ട്.ഒൻപത് സെക്കൻഡിൽ കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച കെട്ടിടങ്ങൾ പൊളിക്കാൻ 2021 ഓഗസ്റ്റ് 28നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാലിച്ചില്ലെന്ന് ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് കണ്ടെത്തി.

ഹരിയാനയിലെ ഹിസാർ സ്വദേശി ചേതൻ ദത്തയാണ് സ്‌ഫോടനം നടത്താനുള്ള ബട്ടൺ അമർത്തിയത്. താപവൈദ്യുത നിലയങ്ങൾ, ഖനികൾ എന്നിവ പൊളിച്ച അനുഭവമുള്ളയാളാണ് ചേതൻ ദത്ത. എന്നാൽ ആദ്യമായാണ് റെസിഡൻഷ്യൽ കെട്ടിടം ഇയാൾ പൊളിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഇരു കെട്ടിടങ്ങളിലും നിറച്ചത് 3700 കിലോ സ്‌ഫോടക വസ്തുക്കളായിരുന്നു.

സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങൾ തെറിച്ച് വീഴുന്നത് തടയാൻ ഇരുമ്പ് മെഷും തുണികളും ഉപയോഗിച്ച് നിർമ്മിച്ച നാല് നിര സംരക്ഷണ കവചം ഒരുക്കിയിരുന്നു. ഇരട്ട ടവറുകൾക്ക് സമീപമുള്ള എമറാൾഡ് കോർട്ടിലെയും എ.ടി.എസ് വില്ലേജിലെയും 5,000ത്തിലധികം താമസക്കാരെ ഇന്ന് രാവിലെ ഏഴ് മണിയോടെ ഒഴിപ്പിച്ചിരുന്നു. അവരുടെ 2,700 വാഹനങ്ങളും 1,50,200 ഓളം വളർത്തുമൃഗങ്ങളെയും മാറ്റി. സമീപ കെട്ടിടങ്ങളിലെ ഗ്യാസ്, വൈദ്യുതി ബന്ധങ്ങൾ വിഛേദിച്ചു. പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലുമുള്ള ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു പൊലീസ് അറിയിച്ചു സ്ഫോടന മേഖലയ്ക്കു ചുറ്റും നോ–ഫ്ലൈ സോൺ പ്രഖ്യാപിച്ചിരുന്നു.

ആറ് ആംബുലൻസുകളും മരുന്നുകളുമായി മെഡിക്കൽ ടീം സ്ഥലത്തുണ്ടായിരുന്നു. സമീപത്തെ ആശുപത്രികളിൽ പ്രത്യേക സന്നാഹം ഒരുക്കിയിരുന്നു. പൊളിക്കൽ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന വിദേശീയർ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് മാത്രമാണ് ഇരട്ട ടവറുകൾക്ക് 500 മീറ്റർ ചുറ്റളവിൽ പ്രവേശനം ഉണ്ടായിരുന്നത്.

20 കോടിയാണ് സ്‌ഫോടനത്തിന്റെ ആകെ ചെലവ്. അഞ്ച് കോടി ബിൽഡർ വഹിക്കും. ബാക്കി 15 കോടി അവശിഷ്ടങ്ങൾ വിറ്റ് സമാഹരിക്കും. 55,000 ടണ്ണോളം അവശിഷ്ടങ്ങൾ നീക്കാൻ മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്

പൊളിക്കലിന്റെ ചെലവ് വഹിക്കേണ്ടത് ടവർ നിർമാതാക്കളായ സൂപ്പർടെക് കമ്പനിയാണ്. എറണാകുളത്തു മരട് നഗരസഭയിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർമിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിലെ 5 ടവറുകൾ 2020 ജനുവരി 11,12 തീയതികളിൽ തകർത്തതിനു സമാനമായിരുന്നു നോയിഡയിലെ പൊളിക്കലും. 8,689 ദ്വാരങ്ങളിലൂടെ 800 കിലോ സ്ഫോടക വസ്തുക്കളാണ് അന്നു നിറച്ചത്. മരടിൽ 2 ദിവസങ്ങളായാണു സ്ഫോടനം നടത്തിയതെങ്കിൽ നോയിഡയിൽ ഒറ്റ ദിവസംകൊണ്ടു ടവറുകൾ വീണു. മരടിലുണ്ടായത് 69,600 ടൺ അവശിഷ്ടങ്ങളാണെങ്കിൽ നോയിഡയിൽ പ്രതീക്ഷിക്കുന്നത് 80,000 ടണ്ണിലേറെ. മരടിലെ ഫ്ലാറ്റുകൾ തകർത്ത മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്ങിനും അവരുടെ പങ്കാളികളായ ദക്ഷിണാഫ്രിക്കൻ കമ്പനി ‘ജെറ്റ് ഡിമോളി’ഷനുമായിരുന്നു പൊളിക്കൽ ചുമതല.

. കോടതി വിധി പ്രകാരം, റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച് ഇന്‍സ്‌റ്റിറ്റ്യൂട്ടും ന്യൂ ഓഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിട്ടി(നോയിഡ) തിരഞ്ഞെടുത്ത എഡിഫൈസ് എന്‍ജിനീയറിങ് എന്ന കമ്പനിയുമാണ് പൊളിച്ചുമാറ്റല്‍, മാലിന്യം നീക്കല്‍ ദൗത്യത്തിനു ചുക്കാന്‍പിടിച്ചത്. ഇക്കാര്യത്തില്‍ രാജ്യാന്തര വൈദഗ്ധ്യം ഉള്ള ‘ജെറ്റ് ഡിമോലിഷന്‍’ എന്ന ദക്ഷിണാഫ്രിക്കന്‍ കമ്പനിയിലെ വിദഗ്ധരുടെ സേവനവും എഡിഫൈസ് ഉപയോഗപ്പെടുത്തി. ഹരിയാന പല്‍വാല്‍ മേഖലയിലെ വെടിമരുന്നുപുരയില്‍നിന്നു സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച്, കെട്ടിടത്തില്‍ ഡ്രില്‍ ചെയ്തുണ്ടാക്കിയ സുഷിരങ്ങളിലേക്ക് ഇവ നിറയ്ക്കുകയായിരുന്നു.

സുരക്ഷിതവും നിയന്ത്രിതവുമായ സ്‌ഫോടനത്തിലൂടെയാണ് ഇരട്ട ടവറുകള്‍ നിലംപൊത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ 2 ഫ്ലോറുകളില്‍ പരീക്ഷണ സ്‌ഫോടനം നടത്തിയിരുന്നു. ഇതുപ്രകാരമാണ് 3700 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ വേണ്ടിവരുമെന്നു എഡിഫൈസ് കണക്കാക്കിയത്. സ്‌ഫോടകവസ്തുക്കള്‍ കൂടുതലായി ഉപയോഗിച്ചാല്‍ മാലിന്യം നീക്കല്‍ കൂടുതല്‍ ദുഷ്‌കരമാകുമെന്നതും വെല്ലുവിളിയായി. പൊളിക്കല്‍ ദൗത്യം 9 സെക്കൻഡ് കൊണ്ട് തീര്‍ന്നെങ്കിലും ഇതുവഴിയുള്ള മാലിന്യം നീക്കം ചെയ്യാന്‍ 3 മാസം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

നോയിഡ അതോറിറ്റി 2004 നവംബറിലാണ് ഹൗസിങ് സൊസൈറ്റി ഒരുക്കാന്‍ സൂപ്പര്‍ടെക്കിന് സ്ഥലം അനുവദിച്ചത്. നോയിഡ സെക്ടര്‍ 93എയിലായിരുന്നു ഇത്. എമിറാള്‍ഡ് കോര്‍ട്ട് എന്നായിരുന്നു പ്രോജക്ടിന്റെ പേര്. തൊട്ടടുത്ത വര്‍ഷം ജൂണില്‍തന്നെ പദ്ധതിക്ക് നിയമപരമായ അനുമതി ലഭിച്ചു. നോയിഡ കെട്ടിട നിര്‍മാണ നിയന്ത്രണ ചട്ടം(1986) പ്രകാരം, 10 നിലകള്‍ വീതം 14 ടവറുകള്‍ സ്ഥാപിക്കാനായിരുന്നു അനുമതി നല്‍കിയത്. 2006-ല്‍ അതേ സ്ഥലത്ത് സൂപ്പര്‍ടെക്ക് അധികസ്ഥലം പാട്ടത്തിനെടുത്തു; നിര്‍മാണ ഉപാധികള്‍ പഴയതു തന്നെ. നോയിഡ കെട്ടിട നിര്‍മാണ നിയമത്തില്‍ 2006-ല്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ പ്രകാരം, പ്രോജക്ടും പുതുക്കി. ഇതുപ്രകാരം, രണ്ടു നില വീതവും ഓരോ ടവറിലും കൂടി.

നിയമവിരുദ്ധ നിര്‍മാണത്തിന് കൂട്ടുനിന്ന നോയിഡ അതോറിറ്റിയിലെ അധികൃതര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അലഹാബാദ് ഹൈക്കോടതി തുടക്കമിട്ടു. ഒപ്പം, പുതിയ ടവറുകളില്‍ (16,17) ഫ്ലാറ്റ് വാങ്ങാന്‍ പണം മുന്‍കൂറായി നല്‍കിയവര്‍ക്ക് ഇതു 14% വാര്‍ഷിക പലിശ സഹിതം തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവായി. ഇതിനെതിരെ സൂപ്പര്‍ടെക്ക് തന്നെ സുപ്രീം കോടതിയിലെത്തി. 16,17 ടവറുകള്‍ ഒറ്റ ബ്ലോക്കാണെന്നും ഇവ 1,2,3 ടവറുകളുടെ ഭാഗമാണെന്നും അതുകൊണ്ട് കുറഞ്ഞ ദൂരപരിധി പ്രശ്‌നം ഇതിനു ബാധകമല്ലെന്നും സൂപ്പര്‍ടെക്ക് വാദിച്ചെങ്കിലും ഇവ കോടതി അംഗീകരിച്ചില്ല. കുറഞ്ഞ ദൂരപരിധി നിര്‍ബന്ധമാക്കുന്നതു പൊതുതാല്‍പര്യ പ്രകാരമാണെന്നും ഇതു കമ്പനിക്ക് മാറ്റിമറിക്കാവുന്നതല്ലെന്നുമായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഓരോ ഫ്ലാറ്റുടമകളുടെയും അനുമതി വാങ്ങിയിരിക്കണമെന്ന ഉത്തര്‍പ്രദേശ് അപ്പാര്‍ട്‌മെന്റ് നിയമം പാലിച്ചില്ലെന്ന കാര്യം സുപ്രീം കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. അപാര്‍ട്ട്‌മെന്റ് നിര്‍മാണം നിലവിലുണ്ടായിരുന്ന ഫ്ലാറ്റുകാര്‍ക്ക് ലഭിച്ചിരുന്ന പൊതുസ്ഥലം പരിമിതപ്പെടുത്തി. 2006 ഡിസംബറിലെ ആദ്യ പുതുക്കിയ പ്ലാന്‍ പ്രകാരം, ഒന്നാം ടവറിനു വിശാലമായ ഉദ്യാനമുണ്ടായിരുന്നു. 2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകള്‍ക്കായി ഈ ഉദ്യാനം കാര്യമായിതന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരുതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാന്‍ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയു- എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാള്‍ഡ് കോര്‍ട്ട് പ്രോജക്ടില്‍ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങളും പുതിയ സമുച്ചയങ്ങളുടെ കാര്യത്തില്‍ നിര്‍മാതാക്കള്‍ മറന്നുവെന്നു കോടതി കണ്ടെത്തി.

Vadasheri Footer