ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ് : ഗവർണർ
തിരുവനന്തപുരം : എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ്. മെമ്പർഷിപ്പ് എടുത്താൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താം. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാവാമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യപരമായി പ്രവർത്തിക്കണം. പകുതിയിലധികം സർവകലാശാലകൾക്ക് നാഥനില്ല. നോമിനികളുടെ പട്ടിക ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്എഫ്ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു. സർട്ടിഫിക്കറ്റ് പരിശോധിക്കുവാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. കായംകുളം കോളജിൽ നിഖിലിന് അഡ്മിഷൻ കിട്ടാൻ ശുപാർശ ചെയ്ത സിപിഐഎം നേതാവ് ആരാണ്.
പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് വ്യാജന്മാർ വിലസുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ഒരു കേന്ദ്രം തന്നെ പ്രവർത്തിക്കുന്നുണ്ടാവണം. തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്. മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. ഇതിനെയും ന്യായീകരിക്കാൻ എംവി ഗോവിന്ദൻ വരും. ഗോവിന്ദനെ എപ്പോഴാണ് ആഭ്യന്തര മന്ത്രിയാക്കിയത്. നാണംകെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധപതിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.