ഗുരുവായൂരിൽ നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു കേടായി . ഇതോടെ പാൽപായസം ശീട്ടാക്കൽ നിറുത്തി വെച്ചു ദേവസ്വം ,രാവിലെ പന്തീരടി പൂജക്ക് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന 750 ലിറ്റർ പാൽ പായസമാണ് കീഴ് ശാന്തിക്കാരുടെ ധിക്കാരം കാരണം കാനയിൽ ഒഴുക്കി കളയേണ്ടി വന്നത് . പായസം കരിഞ്ഞതിന്റെ മണം വഴിപാട് കൗണ്ടറിലേക്ക് എത്തിയപ്പോഴാണ് മറ്റു ജീവനക്കാർ വിവരം അറിയുന്നത് .
മൂന്ന് ചരക്കുകളിൽ ആയാണ് പാൽ പായസം തയ്യാറാക്കിയിരുന്നത് ഇതിൽ ഒരു ചരക്കിലെ പായ സമാണ് കരിഞ്ഞു പോയത് . ഇതിനാൽ പന്തീരടി പൂജക്ക് നിവേദിക്കുന്ന പാൽപ്പായസ ത്തിൽ കുറവ് ഉണ്ടായി . വഴിപാട് ശീട്ടാക്കിയ ഭക്തർക്ക് ഉള്ള പാൽ പായസം വിതരണം ചെയ്ത ശേഷം ബാക്കി ഉള്ളവർക്ക് ഉച്ചപൂജക്ക് നിവേദിച്ച പായ സമാണ് വിതരണം ചെയ്തത് . 750 ലിറ്റർ പാൽ പായസം ഓടയിൽ ഒഴുക്കി കളയേണ്ടി വന്നതിനെ തുടർന്ന് 1,38,000 രൂപയാണ് ദേവസ്വത്തിന് നഷ്ടപെട്ടത് .
ആഴ്ചകൾക്ക് മുൻപ് പാൽ പായസം തയ്യാറാക്കുമ്പോൾ ഓന്ത് വീണതിനെ തുടർന്ന് ഒരു ചരക്ക് പായസം കളയേണ്ടി വന്നു , അടുപ്പിലേക്ക് ചകിരി എടുത്ത് എറിയുമ്പോൾ അതിൽ ഉണ്ടായിരുന്ന ഓന്ത് ആണ് പാൽപ്പായത്തിലേക്ക് വീണത് . അന്ന് ആരും അറിയാതെ അത് ഒതുക്കി തീർത്തു .ഇന്ന് പാൽ പായസം കരിഞ്ഞ മണം പുറത്തേക്ക് വന്നതിനെത്തുടർന്നാണ് മറ്റുള്ളവർ അറിയാൻ കാരണമായത് .അല്ലങ്കിൽ ഇതും ഇരു ചെവി അറിയാതെ ഒതുക്കി തീർത്തേനെ .
ഇതിന്റെ നഷ്ടം ബന്ധപ്പെട്ട കീഴ് ശാന്തി മാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമാണ് , തങ്ങൾ എന്ത് തെറ്റ് ചെയ്താലും ഒരു നടപടിയും എടുക്കാൻ ഭരണ സമിതി ധൈര്യ പ്പെടില്ലെന്ന ചില കീഴ്‍ ശാന്തിക്കാരുടെ ധാർഷ്ട്യമാണ് ഇത് പോലുള്ള കാര്യങ്ങൾ ആവർത്തിക്കുന്നത് എന്നാണ് ആക്ഷേപം