Header 1 vadesheri (working)

നവജാത ശിശുവിന്റെ മൃതദേഹം സുഹൃത്തിന്റെ ശുചി മുറിയിൽ.മാതാവ് അറസ്റ്റിൽ.

Above Post Pazhidam (working)

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ വീടിന് സമീപത്തെ പൊന്താക്കാട്ടില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നായിരന്നു രതീഷ് മൊഴി നല്‍കിയത്. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് പറഞ്ഞു

First Paragraph Rugmini Regency (working)

നവജാത ശിശുവിനെ രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറം ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്കു കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകവിവരം പുറത്തുവന്നത്.

Second Paragraph  Amabdi Hadicrafts (working)

പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വര്‍ക്കറാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ന്ന് ആശാപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെയും അവര്‍ പൊലീസിനെയും അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്തുന്നത്. കുഞ്ഞിന്റെ അമ്മയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് സുഹൃത്ത് രതീഷിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

കഴിഞ്ഞ 25ന് ആണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെയാണ് നിര്‍ത്തിയിരുന്നതെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്.