
നാരായണീയം ദശക പാഠ,അക്ഷരശ്ലോക മൽസരങ്ങൾ തുടങ്ങി.

ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾക്ക് തുടക്കമായി. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.

ദേവസ്വം വൈദികസംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി. നാരായണൻ നമ്പൂതിരി , പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.
എൽ പി വിഭാഗം വിദ്യാർത്ഥികളുടെ ദശക പാഠമൽസരമായിരുന്നു ആദ്യം . 26 വിദ്യാർത്ഥികൾ പങ്കെടുത്തു..തുടർന്ന് യുപി വിഭാഗത്തിൽ 22 വിദ്യാർത്ഥികൾ പങ്കെടുക്കാനെത്തി.
എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം നടന്നു . എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അരങ്ങേറി . നാളെ രാവിലെ 9 മുതൽ എച്ച്.എസ്, എസ് കോളേജ് സംയുക്ത വിഭാഗത്തിൻ്റെ ദശക പാഠ, അക്ഷരശ്ലോക മൽസരങ്ങൾ നടക്കും. മുതിർന്നവർക്കുള്ള അക്ഷരശ്ശോക മൽസരവും ഉണ്ടാകും. ഡിസംബർ 14 നാണ് ഇത്തവണ നാരായണീയ ദിനം.
