Header 1 = sarovaram
Above Pot

നാലു വയസുകാരിക്ക് വിരലിന് പകരം നാവിന് ഓപ്പറേഷൻ ,ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.

Astrologer

വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു.

കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.

പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.

അതേസമയം പിഞ്ച് കുഞ്ഞിന്‍റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം? എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു കാലങ്ങള്‍ കൊണ്ട് കേരളം ആരോഗ്യ മേഖലകളില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ച്ചയായി സംഭവിക്കുന്ന ചികിത്സാ പിഴവുകളിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് ചികിത്സക്ക് എത്തുന്ന പാവങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത അവസ്ഥ പൂര്‍ണമായും ഇല്ലാതാക്കണം. ഏത് സംഭവത്തിലും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപ്പോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്?

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത് ആദ്യത്തെ സംഭവമല്ല. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണ്.എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മരുന്ന് ക്ഷാമം ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യ മന്ത്രിയുടെയും സര്‍ക്കാറിന്‍റെയും നിലപാട്. അങ്ങനെയുള്ളവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്? നാലു വയസുകാരിയുടെ കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണം. ചികിത്സാ പിഴവിന് ഇരയായി നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഹര്‍ഷിനയുടെ അവസ്ഥ ഈ കുഞ്ഞിനും കുടുംബത്തിനും ഉണ്ടാക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.”,

Vadasheri Footer