ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം ഒന്നിന്
ഗുരുവായൂർ: ദേവസ്വം നാഗസ്വര- തവിൽ സംഗീതോത്സവം 2025 ജനുവരി ഒന്ന് ബുധനാഴ്ച സമുചിതമായി നടത്തും. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെ
ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്ക് തെളിയിക്കുന്നതോടെ സംഗീതോത്സവത്തിന് തുടക്കമാകും.
ആദ്യം നാഗസ്വര- തവിൽ വിദ്വാൻമാരുടെ മംഗളവാദ്യ സമർപ്പണം. ശ്രീഗുരുവായൂരപ്പന് മുന്നിൽ നാഗസ്വര- തവിൽ നാദാർച്ചന നടത്താൻ നിരവധി കലാകാരൻമാർ എത്തിച്ചേരും.രാവിലെ 11 മണിക്ക് നാഗസ്വര പഞ്ചരത്നം, തനിയാവർത്തനം അരങ്ങേറും. 11.30 ന് സമാദരണ സദസിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും പ്രശസ്ത കവിയുംചലച്ചിത്ര ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും.
ചടങ്ങിൽ പ്രശസ്ത നാഗസ്വരം വിദ്വാനായിരുന്ന ഗുരുവായൂർ കുട്ടികൃഷ്ണൻ നായർ സ്മാരക പുരസ്കാരം നാഗസ്വര ആചാര്യനായ ആച്ചാൾപുരം എസ്.ചിന്നത്തമ്പി പിളളയ്ക്കും മുത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക പുരസ്കാരം തവിൽ വിദ്വാൻ ആച്ചാൾപുരം എസ്.ശങ്കരനും അദ്ദേഹം സമ്മാനിക്കും. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ അധ്യക്ഷനാകും.
നാഗസ്വര വിദ്വാൻ ഗുരുവായൂർ മുരളി ചടങ്ങിൽ ആമുഖഭാഷണം നടത്തും.
നാഗസ്വര വിദ്വാൻ മരുത്തോർവട്ടം ബാബു, തവിൽ വിദ്വാൻ ഓച്ചിറ ഭാസ്ക്കരൻ എന്നിവർ പുരസ്കാര സ്വീകർത്താക്കളെ പരിചയപ്പെടുത്തും. മുത്തരശനല്ലൂർ ആർ.ശിവകുമാർ ,ഡോ.വി.വിജയകുമാർ എന്നിവർ ഗുരുദക്ഷിണ സമർപ്പിക്കും. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ മുഖ്യാതിഥിയാകും. ദേവസ്വം ഭരണസമിതി അംഗങ്ങളായ .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ,, മനോജ് ബി നായർ, അജിത് പേരകം എന്നിവർ ആശംസ നേരും. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ചടങ്ങിന് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറയും