
ഭാഗ്യനിധി നിക്ഷേപം, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെതിരെ ഇപ്രകാരം വിധിയായത്.നവീനയുടെ പേരിൽ ഭാഗ്യനിധി പദ്ധതി പ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ 80000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തത് പോലെ സംഖ്യ നൽകുകയുണ്ടായില്ല.

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുവാനിടയുള്ളതിനാലാണ് നിക്ഷേപ സ്കീം അവസാനിപ്പിച്ചതെന്നായിരുന്നു എതിർകക്ഷി സ്ഥാപനത്തിൻ്റെ വാദം. എതിർകക്ഷിയുടെ പ്രവൃത്തി നീതീകരിക്കാനാവാത്ത താണെന്നും സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് വാഗ്ദാനപ്രകാരം 80000 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി
