മുന്നറിയിപ്പുമായി ബി. അശോക് , “വൈദ്യുതി ഭവൻ വളഞ്ഞാലും” ബോർഡും ചെയർമാനും വളയില്ല.

തിരുവനന്തപുരം: കെ.എസ്.ഇ.ബി. സസ്‌പെന്‍ഡ് ചെയ്ത യൂണിയൻ നേതാക്കളുടെ സ്ഥലംമാറ്റത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് . ചെയര്‍മാന്‍ ബി. അശോക്. സ്ഥലം മാറ്റിയത് ബോര്‍ഡിന്റെ സുചിന്തിതമായ തീരുമാനം. കുറ്റം സമ്മതിച്ചുള്ള അപേക്ഷയില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് എടുത്തതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അശോക് മാധ്യമങ്ങളോട് പറഞ്ഞു. നടപടി നേരിട്ടവര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കേഡറിലുള്ളവരാണ്. അവരുടെ വേക്കന്‍സി എറൈസ് ചെയ്തപ്പോള്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതു പോലെ, നിലവില്‍ ജോലി ചെയ്തിരുന്ന ജില്ലയ്ക്ക് പുറത്തേക്ക് ലഭ്യമായ ആദ്യ വേക്കന്‍സിയിലേക്കാണ് നല്‍കിയിരിക്കുന്നത്. എന്നു പറഞ്ഞാല്‍, സസ്‌പെന്‍ഷനിലായ ആദ്യത്തെ വ്യക്തിക്ക് തൊട്ടടുത്ത ജില്ലയിലാണ് പോസ്റ്റിങ് നല്‍കിയിരിക്കുന്നത്. അതും സുപ്രധാന പദവിയായ ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പദവിയാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ആള്‍ക്കും തൊട്ടടുത്ത ജില്ലയിലെ ഏറ്റവും എറൈസിങ് ആയ പൊസിഷനാണ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് സസ്‌പെന്‍ഷനിലായ ആള്‍ക്കും ഏറ്റവും അടുത്ത ജനറേഷന്‍ സര്‍ക്കിളാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്ക് വ്യക്തിപരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് പറയാന്‍ പറ്റില്ല. അക്കാര്യത്തില്‍, കമ്പനി അവരുടെ താല്‍പര്യത്തിലാണ് നടപടി എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ അതില്‍ ഭേദഗതി എന്ന ആവശ്യത്തിന് പ്രസക്തിയില്ല- അശോക് പറഞ്ഞു. ഭീഷണിപ്പെടുത്തിയും ദുരാരോപണം ഉന്നയിച്ചും ഒന്നും മാറ്റാന്‍ കഴിയില്ലെന്നും അശോക് പറഞ്ഞു. ആര് വൈദ്യുതി ഭവന്‍ വളഞ്ഞാലും കെ.എസ്.ഇ.ബിയോ ചെയര്‍മാനോ വളയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്‍കേണ്ട നീതി സസ്‌പെന്‍ഷനില്‍ ആയവര്‍ക്ക് കൊടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ അവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം, നേരത്തെ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണം എന്നുള്ളതാണ്. സി.പി.എം. നേതൃത്വത്തില്‍നിന്ന് എ.കെ. ബാലന്‍ അടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ബി. അശോക് വ്യക്തമാക്കുന്നത്. കാരണം, 2006 മുതലുള്ള ബോര്‍ഡിന്റെ കീഴ്‌വഴക്കം ഇതാണ്. മാത്രമല്ല, മോശം പെരുമാറ്റം നടത്തിയ ആളുകളെ സസ്‌പെന്‍ഡ് ചെയ്ത ശേഷം തിരിച്ചെടുക്കുമ്പോള്‍ പാലിക്കേണ്ട യഥാര്‍ഥചട്ടങ്ങളൊന്നും ഇപ്പോള്‍ പാലിച്ചിട്ടില്ല. അപേക്ഷ പരിഗണിച്ച് അനുഭാവപൂര്‍ണമായ നടപടിയാണ് എടുത്തത്. ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിലാണ് നിയമനം നല്‍കിയത്. അവര്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അത് അന്വേഷണത്തെ ബാധിക്കും. ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.