മുഖ്യമന്ത്രി നാടിന്റെ ഐശ്വര്യമല്ല, മഹാ ദുരന്തം : കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആദ്യം ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തണമെന്ന് കെ സുധാകരന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍നിന്ന് 12 ദിവസം വിട്ടുനിന്നശേഷം തൃശൂരില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിലുടെനീളം ജയരാജന്‍ മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് പുമൂടല്‍ നടത്തിയത് ഗത്യന്തരമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട വൈദേകം റിസോര്‍ട്ടിലേക്ക് ആദായനികുതി വകുപ്പും ഇഡിയും എത്തുകയും വൈദേകത്തില്‍ നടന്ന ക്രമക്കേടുകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തപ്പോള്‍ മറ്റൊരു വഴിയും മുന്നിലില്ല. പിണറായിയാണ് കേരളം, കേരളമാണ് പിണറായി എന്നുവരെ ജയരാജന് വിശേഷിപ്പിക്കേണ്ടി വരും. വൈദേകം റിസോര്‍ട്ട് വിഷയം സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും വരുമ്പോള്‍ ഇനിയും കുറെയധികം കസര്‍ത്തുകള്‍ നടത്തേണ്ടി വരുമെന്ന് സുധാകരന്‍ പറഞ്ഞു.
ലാവ്‌ലിന്‍ അഴിമതി, സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ആഴക്കടല്‍ കൊള്ള, സ്പ്രിംഗ്‌ളര്‍ ഇടപാട്, പമ്പാ മണല്‍ കടത്ത്, ഇമൊബിലിറ്റി തട്ടിപ്പ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഒരു കൊലക്കേസ് പ്രതിയായാണ് പൊതുരംഗത്ത് തുടക്കമിട്ടതെന്ന് ജയരാജനും അറിയാം. കണ്ണൂരില്‍ നൂറിലധികം യുവാക്കളെ കൊന്നൊടുക്കിയതിന്റെ രക്തം സിപിഎം നേതാക്കളുടെ കൈകളിലുണ്ട്. ടിപി ചന്ദ്രശേഖറിന്റെയും ഷുഹൈബിന്റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരകരാണെന്ന് ജനങ്ങള്‍ക്കറിയാം. ഷുഹൈബ് കൊലക്കേസിലെ ഒന്നാം പ്രതി തന്നെ ഇക്കാര്യങ്ങള്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. രക്തക്കറ പുരണ്ട ഇവരൊന്നും നാടിന്റെ ഐശ്വര്യമല്ലെന്നും മറിച്ച് ശാപമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുടുംബത്തെ ചുറ്റിപ്പറ്റി നിരവധി ആക്ഷേപങ്ങളും അന്വേഷണങ്ങളും നടക്കുന്നതിനിടയിലാണ് അദ്ദേഹം സ്തുതിഗീതം പാടിയത്. ഇവ ഇപ്പോള്‍ ഇഡിയുടെയും സിബിഐയുടെയും മറ്റും അന്വേഷണത്തിലാണ്. പിണറായിക്കും കുടുംബത്തിനും മാത്രം ഐശ്വര്യപട്ടം നല്കാതെ സ്വന്തം കുടുംബത്തിനും അതു നല്കണം. വൈദേകം തന്റെ ഭാര്യയുടെും മകന്റെയുമാണെന്നു പറയുന്ന ജയരാജന്‍ ഈ റിസോര്‍ട്ട് നിര്‍മാണത്തിലെ ക്രമക്കേടുകളും ദശകോടികളുടെ നിക്ഷേപത്തില്‍ ഉയര്‍ന്ന ആക്ഷേപങ്ങളും അന്വേഷിപ്പിച്ച് അഗ്നിശുദ്ധി വരുത്താന്‍ തയാറാണോയെന്ന് സുധാകരന്‍ ചോദിച്ചു.