
മൊണാലിസക്ക് വിവാഹപ്രായമായിട്ടില്ല , ഭർത്താവിനെതിരെ പോക്സോ കേസ്.

ഭോപ്പാൽ : കുംഭമേള വൈറൽ താരം വിവാഹിതയായ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൽഡ് ട്രൈബ്സിന്റെ (എൻസിഎസ്ടി) കണ്ടെത്തൽ. പെൺകുട്ടിയുടെ പ്രായം 16 ആണെന്നാണ് എൻസിഎസ്ടിയുടെ കണ്ടെത്തലെന്നാണ് വിവരം. ഇതേത്തുടർന്ന് മദ്ധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

പാർഡി ആദിവാസി വിഭാഗമാണ് പെൺകുട്ടി. മഹേശ്വർ മുനിസിപ്പൽ കൗൺസിൽ കുട്ടിക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടി ജനിച്ച മദ്ധ്യപ്രദേശ് മഹേശ്വറിലെ സർക്കാർ മെഡിക്കൽ ആശുപത്രിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 ആണ് ജനനസമയം എന്നാണ്.

പുതിയ വിവരങ്ങൾ അനുസരിച്ച് വിവാഹസമയത്ത് പെൺകുട്ടിയ്ക്ക് ഏകദേശം 16 വയസും രണ്ട് മാസവും 12 ദിവസവും ആയിരുന്നു പ്രായം. മഹേശ്വർ മുനിസിപ്പാലിറ്റി മുമ്പ് നൽകിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കാനും അന്വേഷണ സംഘം പ്രാദേശിക ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ കുട്ടിയുടെ ജനനത്തീയതി 2008 ജനുവരി 1 എന്ന് തെറ്റായി രേഖപ്പെടുത്തിയിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കർശനമായ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് കമ്മിഷൻ. ഏപ്രിൽ 22ന് കേരള, മദ്ധ്യപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽമാരെ ന്യൂഡൽഹിയിലെ ആസ്ഥാനത്തേക്ക് കമ്മിഷൻ വിളിപ്പിച്ചിട്ടുണ്ട്.


ദേശീയ പട്ടികവർഗ കമ്മിഷൻ ചെയർമാൻ അന്തർസിംഗ് ആര്യയുടെ നേതൃത്വത്തിൽ അഭിഭാഷകനായ പ്രഥം ദുബെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പെൺകുട്ടിയുടെ കൃത്യമായ പ്രായം സംബന്ധിച്ച വിവരം പുറത്തുവന്നത്. വിവാഹത്തിന്റെ രേഖകൾ തേടി മദ്ധ്യപ്രദേശ് എസ്.സി – എസ്.ടി കമ്മിഷൻ തിരുവനന്തപുരത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തി എന്ന പിതാവിന്റെ പരാതിയിൽ തെളിവെടുപ്പിനായാണ് കമ്മിഷൻ തലസ്ഥാനത്തെത്തിയത്. വിവാഹം നടന്ന അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തി. വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും കമ്മിഷൻ പരിശോധിച്ചിരുന്നു.
മാർച്ച് 11നായിരുന്നു ഇൻഡോർ സ്വദേശിയായ പെൺകുട്ടിയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലായിരുന്നതിനാൽ പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. എന്നാൽ വിവാഹത്തിന് സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടർന്ന് പ്രായപൂർത്തിയായെന്ന തെളിവുകൾ കാണിച്ചതോടെയാണ് പൊലീസ് വിവാഹത്തിന് സഹായം ചെയ്തത്. പെൺകുട്ടി ഹാജരാക്കിയത് വ്യാജ രേഖയായിരുന്നു .ഇതിൽ പരിശോധന നടത്താൻ പോലീസ് മിനക്കെട്ടില്ല എന്നതാണ് ദുരൂഹത ഉയർത്തുന്നത്
