ജില്ലയിൽ മന്ത്രി എ സി മൊയ്തീൻ സല്യൂട്ട് സ്വീകരിച്ചു
തൃശൂർ : 73-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾ രാവിലെ 8 ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടന്നു. തദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്രദിന പരേഡിൻെ്‌റ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം സ്വാതന്ത്രദിന സന്ദേശ പ്രസംഗം നടത്തി. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അതിഥിയായി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, സിറ്റി പോലീസ് കമ്മീഷ്ണർ യതീഷ് ചന്ദ്ര ഐ.പി.എസ്., എന്നിവരും സല്യൂട്ട് സ്വീകരിച്ചു. 22 പ്ലാറ്റൂണുകൾ അണിനിരന്ന പരേഡ് ജില്ലാ സായുധ സേന റിസർവ്വ് ഇൻസ്‌പെക്ടർ കെ. വിനോദ് കുമാർ നയിച്ചു. ജില്ലാ സായുധ സേന, സിറ്റി-റൂറൽ പോലീസ്, വനിതാ വിഭാഗം, ഫോറസ്റ്റ് , എക്‌സൈസ്, വിയൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോം, എൻസിസി വിഭാഗങ്ങൾ, എസ്പിസി വിഭാഗം എന്നിവയിൽനിന്നുള്ള അംഗങ്ങളാണ് പരേഡിൽ അണിനിരന്നത്.
കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത ലെഫ്റ്റനന്റ്. കേണൽ രാമകൃഷ്ണൻ വിശ്വനാഥനെ ചടങ്ങിൽ അനുസ്മരിച്ചു. പരേഡിലെ മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌ക്കാരം മന്ത്രി സമ്മാനിച്ചു. ഒന്നാംസ്ഥാനം നേടിയ പ്ലാറ്റൂണുകൾ : സർവീസ് വിഭാഗം- ജില്ലാ സായുധ സേന, വനിതാ വിഭാഗം- തുശൂർ റൂറൽ വനിതാ പോലീസ്, എൻസിസി (ആൺകുട്ടികൾ) -സെൻ്‌റ്‌തോമസ് കോളേജ് 23 ാം കേരള ബറ്റാലിയൻ, എൻസിസി (പെൺകുട്ടികൾ) – ശ്രീകേരള വർമ്മ കോളേജ് 7ാം കേരള ബറ്റാലിയൻ എൻസിസി സീനിയർ ഗേൾസ്, എസ്പിസി (ആൺകുട്ടികൾ) – സിഎംഎസ് എച്ച്എസ്എസ് തൃശൂർ, എസ്പിസി (പെൺകുട്ടികൾ) – ഗവ. ഗേൾസ് ഹൈസ്‌ക്കൂൾ കൊടുങ്ങല്ലൂർ. സായുധസേന പതാക നിധിയിലേക്ക് ജില്ലയിൽ എറ്റവും കൂടുതൽ തുക സ്വരൂപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള റോളിംഗ് ട്രോഫി എസ്എച്ച്‌സിജിഎച്ച്എസ്എസ് തൃശൂരിനും വിദ്യാഭ്യാസേതര സ്ഥാപനത്തിനുള്ള റോളിംഗ് ട്രോഫി 24(കെ) ബിഎൻ എൻസിസി തൃശൂരിനും മന്ത്രി സമ്മാനിച്ചു.