മേൽപുത്തൂർ കവിയും ശാസ്ത്രകാരനും സമന്വയിച്ച വ്യക്തിത്വം
ഗുരുവായൂർ : നാരായണീയദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി. മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ കാവ്യലോകവും കവി നൽകിയ ആത്മ സന്ദേശവും പ്രബന്ധങ്ങളായി സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. കോഴിക്കോട് സർവ്വകലാശാല സംസ്കൃത വകുപ്പ് മുൻ മേധാവി ഡോ.പി.നാരായണൻ നമ്പൂതിരി സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വ്യാകരണ – മീമാംസാ ശാസ്ത്രങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയ മേൽപ്പുത്തൂരിന്റെ കൃതികളും ദർശനവും ആഴത്തിൽ പഠിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീപാദ സപ്തതി എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ റിട്ട. പ്രൊഫസർ വി.ആർ. മുരളീധരൻ ആദ്യ പ്രബന്ധം അവതരിപ്പിച്ചു. മേൽപ്പുത്തൂരിന്റെ കാവ്യഭാവനയും സൗന്ദര്യാനുഭൂതിയും ഭക്തിയുടെ പശ്ചാത്തലത്തിൽ വളരെ മനോഹരമായി ശ്രീപാദസപ്തതിയിൽ സമന്വയിച്ചിരിക്കുന്നതായിഡോ വി ആർ മുരളീധരൻ അഭിപ്രായപ്പെട്ടു.
തുടർന്ന് നാരായണീയത്തിലൂടെ കവി നൽകുന്ന ആത്മ സന്ദേശം എന്ന വിഷയം ഡോ.എൻ.കെ.സുന്ദരേശ്വരൻ അവതരിപ്പിച്ചു. ലോകത്തിന്റെ മുഴുവൻ പീഡകൾ ഇല്ലാതാക്കുന്നതിനുള്ള പ്രാർത്ഥനകളാണ് മേൽപ്പുത്തുരിൽ നിന്ന് നാരായണീയത്തിന്റെ രൂപത്തിൽ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മേൽപ്പുത്തൂരിൽ നിറഞ്ഞു നിന്ന ശാസ്ത്രപാണ്ഡിത്യം തന്റെ കവി പ്രതിഭയെ സ്വതന്ത്രമായി ആവിഷ്കരിക്കുന്നതിന് ചിലപ്പോഴെങ്കിലും തടസ്സമായോ എന്ന് തോന്നിയേക്കാമെന്നും
ഡോ : എൻ കെ സുന്ദരേശ്വരൻ വ്യക്തമാക്കി. ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രം ചിത്രശാലാ ഹാളിൽ നടന്ന സെമിനാറിൽ ഡോ: ലക്ഷ്മി ശങ്കർ മോഡറേറ്ററായി. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം പറഞ്ഞു