അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
കന്യാകുമാരി: കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. തഞ്ചാവൂര്‍ സ്വദേശി ഡി. ചാരുകവി (23), നെയ് വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സര്‍വദര്‍ശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23), ആന്ധ്രപ്രദേശ് സ്വദേശി വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നാഗര്‍കോവിലിന് സമീപം ഗണപതിപുരത്തിനടുത്താണ് ലെമുര്‍ ബീച്ച്.
ഞായറാഴ്ച ഒരു വിവാഹത്തിന് എത്തിയ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞാണ് ബീച്ചില്‍ എത്തിയത്. തിരമാലയില്‍ പെട്ട് എട്ടുപേരും കടലിനുള്ളിലേക്ക് പോയത് കണ്ടിരുന്ന മത്സ്യബന്ധന തൊഴിലാളികള്‍ എല്ലാ പേരയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ അഞ്ചുപേര്‍ നേരത്തെ തന്നെ മരിച്ചിരുന്നതായി അറിയിച്ചു. മറ്റ് മൂന്നുപേരും ആശുപത്രിയിലെ തീവ്രപരിചാരണ വിഭാഗത്തിലാണ്. സംഭവം കണ്ട കരയിലുണ്ടായിരുന്ന വിദ്യാർഥികളിൽ രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൂത്തുക്കുടി, കന്യാകുമാരി മേഖലയിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. തേനി, പെരിയകുളം, തായി കോളനി സ്വദേശി രാജാവേലിന്റെ മകള്‍ പ്രീതി പ്രിയങ്ക (23), കരൂര്‍ സ്വദേശി സെല്വകുമാറിന്റെ മകള്‍ നെസി (24), മധുര സ്വദേശി ശ്രീനിവാസന്റെ മകള്‍ ശരണ്യാ (24) എന്നിവരാണ് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.