Madhavam header
Above Pot

മെഡിക്കൽ കോളേജുകളെ സെന്റേഴ്സ് ഓഫ് എക്സലൻസ് ആക്കുന്നതിനുള്ള കർമ്മ പദ്ധതി നടപ്പിലാക്കും: മന്ത്രി വീണ ജോർജ്

തൃശൂര്‍ : മെഡിക്കൽ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ സെന്റേഴ്സ് ഓഫ് എക്സലൻസ് ആക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ അതിവിദഗ്ധവും മെച്ചപ്പെട്ടതുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Astrologer

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ഗവേഷണത്തിനായുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിലെത്തുന്ന ഓരോ രോഗിയെയും ആർദ്രതയോടെ സമീപിക്കാനും ചികിത്സ നൽകാനുമാണ് ശ്രദ്ധിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം മികച്ച ചികിത്സാ, മികച്ച സേവനം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വികസനത്തിന്റെ ഒരു ഘട്ടം കൂടി പൂർത്തിയാക്കിയിരിക്കുകയാണ്. ലോകത്താകമാനം കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ് ആരോഗ്യ മേഖല. കേരളവും ആ പോരാട്ടത്തിന്റെ ഭാഗമാണ്. കോവിഡിനൊപ്പം നിപയും വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ ശക്തമായ ഇടപെടലുകളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും നിപയെ നിയന്ത്രണ വിധേയമാക്കാനായെന്നും മന്ത്രി കൂട്ടി ചേർത്തു.

പദ്ധതിയുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 1.87 കോടി രൂപ മുടക്കി ഒക്‌സിജന്‍ പ്ലാന്റ്, 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം, 70 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങള്‍ക്കും കൃത്യതയോടെ ചികിത്സ നല്‍കാന്‍ സാധിക്കുന്ന നൂതന ശസ്ത്രക്രിയ സംവിധാനമാണ് സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം.

ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ.ബിന്ദു, എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ജനപ്രതിനിധികൾ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer